ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷം; നിയമസഭയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധം

നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി നിന്നാണ് പ്രതിഷേധം നടത്തുന്നത്. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനര്‍ വലിച്ചുയര്‍ത്തുകയും ചെയ്തു. സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. പ്രതിഷേധത്തിനിടയിലും സഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്.

സ്വര്‍ണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിയ നിലയില്‍ ആണെന്നും പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി പോലും ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ പോകുന്നു. പ്രതികള്‍ക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണെന്നും സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.

എന്നാല്‍ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയില്‍ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എംബി രാജേഷ് വിമര്‍ശിച്ചു. എല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് ഉള്ളതെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Scroll to Top