നിയമസഭയില്‍ നാടകീയരംഗങ്ങള്‍; ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധം, സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് അന്‍വര്‍ സാദത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ചേമ്പറില്‍ കയറാന്‍ പ്രതിപക്ഷ നേതാക്കളുടെ ശ്രമം. അന്‍വര്‍ സാദത്ത് എംഎല്‍എയാണ് സ്പീക്കറുടെ ചേമ്പറില്‍ കയറാന്‍ ശ്രമിച്ചത്. പ്രതിഷേധിച്ച വാച്ച് ആന്റ് വാര്‍ഡ് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി. സഭ നടപടികള്‍ താല്‍കാലികമായി നിര്‍ത്തി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ പ്രതിഷേധം കനത്തതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. കേസിലെ എല്ലാ പ്രതികള്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കുകയാണ്. അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റിയും ജയില്‍ മോചിതനാകും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എസ്ഐടി അന്വേഷണം ഈ രീതിയില്‍ മുന്നോട്ടുപോയതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും സഭയക്ക്കത്തും പുറത്ത് സമരം കടുപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ ബാനറുമായി നടുത്തളത്തിലിറങ്ങി. ബാനര്‍ താഴ്ത്തണമെന്നും ഇല്ലെങ്കില്‍ പിടിച്ചുമാറ്റുമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുന്നറിയിപ്പ് നല്‍കി. വിഷയ ഭാരിദ്ര്യം കാരണം പ്രതിപക്ഷത്തിന് ഒരു അടിയന്തരപ്രമേയം പോലുമില്ലെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ മറുപടി. നടുത്തളത്തിന് തൊട്ടരികെയെത്തി പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം മുദ്രാവാക്യം വിളിച്ചു. പിന്നാലെ പ്രതിപക്ഷ പ്രതിഷേധം കടുക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ ആണ് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചത് സ്പീക്കര്‍ കുറ്റപ്പെടുത്തി. സ്പീക്കറുടെ മുഖംമറച്ചത് ശരിയായില്ല. കേരള നിയമസഭയ്ക്ക് ചേര്‍ന്നതല്ലിത്. ഇത്തരം പ്രതിഷേധം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Scroll to Top