ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഫെയ്‌സ് ആപ്പ്

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം സുഗമമാക്കുന്നതിനായി ഫെയ്സ് ആപ്പ് സംവിധാനം നടപ്പാക്കും. ക്ഷേത്രത്തിന്റെ സമീപത്ത് പന്ത്രണ്ട് ഇടങ്ങളില്‍ ഫെയ്സ് ആപ്പ് സിസ്റ്റം സ്ഥാപിക്കും. ഫെയ്സ് ആപ്പ് സംവിധാനത്തിന് മുന്നില്‍ നിന്നാല്‍ ഭക്തര്‍ക്ക് ടോക്കണ്‍ ലഭ്യമാകും. ദര്‍ശനസമയം ടോക്കണിലുണ്ടാകും. ദര്‍ശന സമയം വരെ പ്രത്യേകം തയ്യാറാക്കിയ കമ്പാര്‍ട്ട്‌മെന്റുകളില്‍ ഭക്തര്‍ക്ക് വിശ്രമിക്കാം. ഭക്തര്‍ക്ക് ലഭിക്കുന്ന ടോക്കണ്‍ നമ്പറുകള്‍ കംപാര്‍ട്ട്മെന്റുകളില്‍ തെളിയും. ഈ സമയമാകുന്ന മുറയ്ക്ക് ടോക്കണ്‍ നമ്പര്‍ അനുസരിച്ച് കമ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ദര്‍ശനത്തിനുള്ള ക്യൂവിലേക്ക് ഭക്തര്‍ക്ക് പോകാന്‍ കഴിയും. ക്ഷേത്രത്തില്‍ വിപുലമായ ക്യൂ കോംപ്ലക്സ് സംവിധാനം വരുന്നത് വരെയാണ് ഫെയ്സ് ആപ്പ് സംവിധാനം നിലനില്‍ക്കുക. എത്ര പേര്‍ ക്ഷേത്രം സന്ദര്‍ശിച്ചുവെന്നതും ആളെ തിരിച്ചറിയാനും ഈ സംവിധാനത്തിലൂടെ കഴിയും.

ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനുള്ള തീരുമാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിതെന്നും ഫെയ്സ് ആപ്പ് സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ ഒ വി അരുണ്‍കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഫെയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കാനായി താല്പര്യപത്രം ക്ഷണിച്ചു. കമ്പനികളോട് തങ്ങളുടെ ആവശ്യം പറയും, മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്ന കമ്പനികളെ പദ്ധതി നടത്തിപ്പ് ക്ഷേത്രഭരണസമിതി ഏല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭക്തര്‍ ദര്‍ശനത്തിനായി കാത്തിരിക്കുന്ന സ്ഥലത്ത് സൗണ്ട് ബോക്സുകള്‍ സ്ഥാപിച്ച് ഭക്തിഗാനങ്ങള്‍ ശബ്ദം കുറച്ചുവെച്ച് ഭക്തിപൂര്‍ണമായ അന്തരീക്ഷം തീര്‍ക്കുമെന്നും ഒ ബി അരുണ്‍ കുമാര്‍ പറഞ്ഞു. കാത്തിരിപ്പ് സ്ഥലത്തായി ഗുരുവായൂരപ്പന്റെ ചരിത്രം, ആളുകളുടെ അനുഭവങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. ബാത്ത്റൂം, മെഡിക്കല്‍ സൗകര്യം, സ്നാക്സ് കഴിക്കാനുള്ള സൗകര്യം, കൈ കഴുകാന്‍ വാഷ്ബേസ്, പൂജയടക്കം ബുക്ക് ചെയ്യാനുള്ള ടച്ച് സ്‌ക്രീന്‍ എന്നിവയും ഒരുക്കും. വിര്‍ച്വല്‍ റിയാലിറ്റി ഉപയോഗപ്പെടുത്തിയുള്ള ഡോം തിയേറ്ററും ഒരുക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.

Scroll to Top