’10വര്‍ഷമായി LDF സര്‍ക്കാര്‍ മാറിയിട്ടില്ല,അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ല’; വീണ്ടും പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍

’10വര്‍ഷമായി LDF സര്‍ക്കാര്‍ മാറിയിട്ടില്ല,അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ല’; വീണ്ടും പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിമര്‍ശനത്തിന് ഇടയിലും മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പ്രശംസിച്ച് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. പത്ത് വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയിട്ടില്ലെന്നും അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം രാജീവിയന്‍ മാര്‍ഗമാണ് പിന്തുടരുന്നത്. അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ചൈനയാണ് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തി. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമ്പോള്‍ ഒരു കമ്മീഷനെ ചൈനയിലേക്ക് അയക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മില്‍ ചേരുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടെന്നും സിപിഐഎമ്മിലേക്ക് തന്നെ ക്ഷണിക്കില്ലെന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ മറുപടി. താന്‍ കോണ്‍ഗ്രസാണെന്നും മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും ശശി തരൂരിനുമെതിരെ മണിശങ്കര്‍ അയ്യര്‍ പ്രസംഗിച്ചു. ‘മോദിയുടെ മന്ത്രിയാകാനാണ് തരൂരിന്റെ ശ്രമം. തരൂര്‍ ഏറ്റവും വലിയ കരിയറിസ്റ്റാണ്. യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന തരൂര്‍ ഇപ്പോള്‍ മോദിയെ പുകഴ്ത്തുന്നു. കെ സി വേണുഗോപാലിനെ അഭിനവ പട്ടേല്‍ ആക്കാന്‍ നോക്കുന്നവരുടെ തല പരിശോധിക്കണം’, മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. വി ഡി സതീശന്‍ മതേതര സോഷ്യലിസ്റ്റാണെന്നും സതീശന്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ പിണറായി മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞത് പിന്‍വലിക്കുമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. വലതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റുകളുടെയും ഇടയിലാണ് സതീശനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവന വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. മണിശങ്കര്‍ അയ്യരെ തള്ളിപ്പറഞ്ഞ് ഹൈക്കമാന്‍ഡ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മണിശങ്കര്‍ അയ്യര്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കി. മണിശങ്കര്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും പവന്‍ ഖേര എക്സില്‍ കുറിച്ചിരുന്നു.

‘വിഷന്‍ 2031’ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയില്‍ പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം. ‘അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍’ എന്നായിരുന്നു മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കര്‍ അയ്യര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചിരുന്നു. സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവര്‍ത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദര്‍ശനം ഇന്ത്യയില്‍ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

Scroll to Top