വിവാഹ വാര്‍ഷിക ദിനത്തില്‍ രക്തം ദാനം ചെയ്ത് ഹനീഫ് മാതൃകയായി

വിവാഹ വാര്‍ഷിക ദിനത്തില്‍ രക്തം ദാനം ചെയ്ത് ഹനീഫ് മാതൃകയായി

കുമ്പള :വിവാഹ വാര്‍ഷിക ദിനത്തില്‍ റീല്‍സും ആഘോഷങ്ങളും കൊണ്ട് നിറഞ്ഞുനില്‍ക്കുന്ന പുതിയ തലമുറയില്‍ നിന്ന് വ്യത്യസ്തനായി കുമ്പള പെര്‍വാഡ് സ്വദേശി ഹനീഫ് പി.എം.കെ മാതൃകയായി.
തന്റെ 12-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ രക്തം ദാനം ചെയ്ത് അദ്ദേഹം വിവാഹബന്ധത്തിന്റെ പവിത്രത സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു.
വിവാഹ വാര്‍ഷിക ദിനത്തില്‍ രക്തം നല്‍കി ഒരു ജീവന്‍ രക്ഷിക്കാനാകുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ഹനീഫ് പി.എം.കെ പറയുന്നു.
ഭാര്യ ഷബ്‌നാസ്, മക്കളായ അഹ്‌സം, റസാന, ഇശ്വ എന്നിവര്‍ക്കും ഈ ആഘോഷം ഏറെ സന്തോഷം പകര്‍ന്നു.
സാമൂഹിക ഉത്തരവാദിത്വവും കുടുംബ മൂല്യങ്ങളും ചേര്‍ന്ന ഒരു മനോഹര മാതൃകയാണ് ഹനീഫ് പി.എം.കെ മുന്നോട്ട് വെച്ചതെന്ന് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത എ.കെ.എം അഷ്‌റഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. കാസര്‍കോട് ബ്ലഡ് ബാങ്ക്, ജനരക്ഷാ ബ്ലഡ് ഡോണേഴ്സ് കേരള, ആശ്രയ കുമ്പള, മൊഗ്രാല്‍ ദേശീയവേദി, അബുദാബി കാസ്രോട്ടാര്‍, ഡൗണ്‍ ടൗണ്‍ കുമ്പള എന്നിവര്‍ സംയുക്തമായാണ് കുമ്പളയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ജനരക്ഷാ ചെയര്‍മാന്‍ നാസര്‍ ബായാര്‍, കണ്‍വീനര്‍ മുഹമ്മദ് സ്മാര്‍ട്ട്, മൊഗ്രാല്‍ ദേശീയ വേദി പ്രസിഡണ്ട് സിദ്ദീഖ് റഹ്‌മാന്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ഹമീദ് കാവില്‍, ടി കെ അന്‍വര്‍, എം.എ മൂസ, മുഹമ്മദ് അബ്‌കോ, അഷറഫ് സാഹിബ്, ബാക്കിര്‍, നവാസ് ആശ്രയ, കബീര്‍ ആശ്രയ,അനീസ് ഡൗണ്‍ ടൗണ്‍ നേതൃത്വം നല്‍കി

Scroll to Top