ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ:പ്രഖ്യാപനങ്ങള്‍ ഏറെ,നടപടികളില്ല.

തിരുവനന്തപുരം. സ്ത്രീകള്‍ ക്രൂരമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങളടക്കം ട്രെയിനുകളില്‍തുടര്‍ക്കഥയാകുമ്പോള്‍ ‘ശുഭയാത്ര”എന്ന റെയില്‍വേ മുദ്രാവാക്യം ഇന്ത്യന്‍ റെയില്‍വേക്ക് തിരിച്ചടിയാവുന്നു.

ഷൊര്‍ണ്ണൂരില്‍ 2011ല്‍ ക്രൂര പീഡനത്തിന് ഇരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിനുശേഷം ട്രെയിനുകളില്‍ വനിതാ യാത്രക്കാരുടെ സുരക്ഷാ വര്‍ദ്ധിപ്പിക്കാന്‍ ഒട്ടേറെ നടപടികള്‍ റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. വൈകീട്ട് 6നും രാവിലെ 6നും ഇടയില്‍ ലേഡീസ് കോച്ചുകളില്‍ റെയില്‍വേ സുരക്ഷാസേന എസ്‌കോര്‍ട്ട് നല്‍കും,കൂടുതല്‍ വനിതാ കോണ്‍സ്റ്റബിള്‍ മാരെ ട്രെയിനുകളിലും, സ്റ്റേഷനുകളിലും നിയോഗിക്കും,കേരള റെയില്‍വേ പോലീസില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും,വനിതാ കോച്ചുകളുടെ സ്ഥാനം ട്രെയിനിന്റെ മദ്യത്തിലേക്ക് മാറ്റും എന്നിവയായിരുന്നു പ്രധാന പ്രഖ്യാപനങ്ങള്‍. ഒന്നിലും തുടര്‍നടപടികളില്ലാതെ പോയത് യാത്രക്കാരുടെ സുരക്ഷാ കാര്യത്തില്‍ പാഴ് വാക്കായി മാറി.

കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ യുവതിക്ക് നേരെ ഉണ്ടായ ആക്രമങ്ങള്‍ക്ക് ശേഷം കൊല്ലം ശാസ്താംകോട്ടയിലും ഭിന്നശേഷിക്കാരനായ യാത്രക്കാരനെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു. തൃശ്ശൂരിനടുത്ത് ട്രെയിനില്‍ നിന്ന് ടിക്കറ്റ് പരിശോധകന്റെ(ടിടി ഇ)കയ്യില്‍ പിടിച്ചു വലിച്ചു പുറത്തേക്ക് ചാടാന്‍ യുവാവ് ശ്രമിച്ചു. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ ട്രെയിന്‍ യാത്രക്കാരെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്.

2021 ഏപ്രിലില്‍ മോഷണശ്രമത്തിനിരയായ യുവതി ട്രെയിനില്‍ നിന്ന് വീണു പരിക്കേറ്റ സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.ഇത് തുടര്‍ന്ന് ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷാ പ്രശ്‌നത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി അടിയന്തരഘട്ടങ്ങളില്‍ അപായ ബട്ടന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ റെയില്‍വേ മന്ത്രാലയത്തിന്റെ മുന്നിലില്ലേ എന്ന് പോലും ചോദിക്കുകയു ണ്ടായി.2024ല്‍ തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷനില്‍ വെച്ച് ടി ടി ഇ വിനോദിനെ ഒഡീഷ സ്വദേശി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം ഇപ്പോഴും കേരളത്തിലുണ്ട്.

മദ്യപര്‍ക്കും,ലഹരി ഉപയോഗിക്കുന്നവര്‍ക്കുമെല്ലാം ഒരു പരിശോധനയും ഇല്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന സംവിധാനമായി ട്രെയിനുകള്‍ മാറിയിട്ടുണ്ട്. മോഷ്ടാക്കള്‍ക്കും, പിടിച്ചുപറിക്കാര്‍ക്കും ഏതു വഴിക്കും കയറാനും, ഇറങ്ങിപ്പോകാനും കഴിയുന്ന തരത്തിലാണ് റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും. സ്റ്റേഷനുകളില്‍ മാത്രം ട്രെയിനുകളുടെ വാതില്‍ തുറക്കുന്ന സംവിധാനം വേണ്ടതല്ലേ എന്ന് യാത്രക്കാര്‍ ചോദിക്കുന്നുമുണ്ട്. കോച്ചുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അതും നടപ്പിലാക്കിയിട്ടില്ല.

യാത്രാസൗകര്യത്തോടൊപ്പം സുരക്ഷയും ചേരുന്ന ഇരട്ടപ്പാളയത്തിലൂടെയാവണം ഇന്ത്യന്‍ റെയില്‍വേ സഞ്ചരിക്കേണ്ടതെന്ന ആവശ്യം ഇപ്പോള്‍ ശക്തമാവുകയാണ്. അതിന് റെയില്‍വേ മന്ത്രാലയം തയ്യാറാവുന്നില്ലെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തില്‍ നിന്ന് ട്രെയിന്‍ യാത്രക്കാര്‍ക്ക് രക്ഷ കിട്ടില്ലെന്ന് ഉറപ്പാണ്.

Scroll to Top