ഇരിയണ്ണി ഒരു വര്‍ഷത്തോളമായി ഇരിയണ്ണിയിലും സമീപ പ്രദേശങ്ങളിലുമായി ഭീതിവിതയ്ക്കുന്ന പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഒട്ടേറെത്തവണ പുലിയെ കണ്ടിട്ടുള്ള കുണിയേരിയിലാണ് ഇരയും കൂടുമായി വനംവകുപ്പ് കെണിയൊരുക്കിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു വനംവകുപ്പ് സ്ഥാപിച്ച 4 ക്യാമറകളിലൊന്നില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണു അതിനെ പിടികൂടാനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ചത്. പുലിയെ പിടിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. അതിനു പിന്നാലെ കൂട് എത്തിക്കുകയും ചെയ്തിരുന്നു.
ജില്ലയില്‍ ആദ്യമായാണു വനംവകുപ്പ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതും അതിനെ പിടികൂടാന്‍ കൂട് സ്ഥാപിക്കുന്നതും. ഒരു വര്‍ഷത്തോളമായി ഇരിയണ്ണിയിലും തൊട്ടടുത്ത സ്ഥലങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് അംഗീകരിച്ചിരുന്നില്ല. കാട്ടുപൂച്ചയോ അതിനോടു സാമ്യമുള്ള മറ്റേതെങ്കിലും മൃഗങ്ങളോ ആയിരിക്കുമെന്ന നിലപാടാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ ഇരിയണ്ണി-പേരടുക്കം റോഡില്‍ രാത്രി 9ന് പുലി മുള്ളന്‍പന്നിയെ കടിച്ചുപോകുന്നതു കാര്‍ യാത്രക്കാരായ നാട്ടുകാര്‍ നേരിട്ടു കണ്ടെങ്കിലും അധികൃതര്‍ അംഗീകരിച്ചിരുന്നില്ല. അതിനു ശേഷം കുണിയേരി, മിന്നംകുളം, വെള്ളാട്ട്, ദര്‍ഘാസ്, ബെള്ളിപ്പാടി, തോണിപ്പള്ളം, പാണ്ടിയടുക്കം, ബേപ്പ്, പയം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നാട്ടുകാര്‍ അതിനെ കണ്ടു. ഈ പ്രദേശങ്ങളിലെ ഒട്ടേറെ വീടുകളില്‍ നിന്നു വളര്‍ത്തു നായ്ക്കളെ കാണാതായി. പലരും നായയെ പുലി പിടിക്കുന്നതു നേരിട്ടു കണ്ടു. റോഡിലും പലതവണ പുലിയെ കണ്ടു. പരാതികള്‍ വ്യാപകമായതോടെയാണു ഡിഎഫ്ഒ കെ.അഷ്‌റഫ് ജില്ലയില്‍ ആദ്യമായി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള വിദഗ്ധ സമിതി രൂപീകരിക്കുകയും കൂടുതല്‍ ക്യാമറകള്‍ എത്തിച്ചു ഇവിടെ സ്ഥാപിക്കുകയും ചെയ്തു. അങ്ങനെയാണു ആഴ്ചകള്‍ക്കു മുന്‍പു പുലിയുടെ ചിത്രം ലഭിച്ചത്. ഇതോടെ പുലിയെ പിടിക്കാന്‍ അനുമതി തേടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സമീപിക്കുകയും അനുമതി ലഭിക്കുകയും ചെയ്തു.
പുലി ഒന്നോ അതോ നാലോ..?
ഇവിടെ എത്ര പുലികള്‍ ഉണ്ടെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. വനംവകുപ്പിന്റെ ക്യാമറയില്‍ വലിയ ഒരു പുലിയുടെ ചിത്രമാണ് പതിഞ്ഞിട്ടുള്ളത്. എന്നാല്‍ നേരിട്ടു കണ്ടിട്ടുള്ളവര്‍ 2 വലിയ പുലികള്‍ ഉണ്ടെന്നു പറയുന്നു. 2 പുലിക്കുഞ്ഞുങ്ങളെ കണ്ടവരും ഉണ്ട്. ഇതോടെ കുറഞ്ഞതു 4 പുലികള്‍ സ്ഥലത്ത് ഉണ്ടെന്നു നാട്ടുകാര്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനേക്കാള്‍ എണ്ണം കൂടുന്നതല്ലാതെ കുറയാന്‍ ഒരു സാധ്യതയുമില്ലെന്നാണു ഇവരുടെ വിശ്വാസം. ഇതു സംബന്ധിച്ചു വനംവകുപ്പിനു കൃത്യമായ കണക്കൊന്നുമില്ല. പുലികളുടെ കണക്കെടുപ്പ് വനംവകുപ്പ് നടത്താറുമില്ല.