36 സാമ്പിളുകളിലും ശാസ്ത്രീയ പരിശോധന അനിവാര്യം; സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്

36 സാമ്പിളുകളിലും ശാസ്ത്രീയ പരിശോധന അനിവാര്യം; സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. സന്നിധാനത്ത് നിന്ന് ശേഖരിച്ച സ്വര്‍ണ സാമ്പിളുകളില്‍ അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധന അത്യാവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റപത്രം തയ്യാറാക്കാന്‍ വിദഗ്ധ പരിശോധന അനിവാര്യമാണ്. ജംഷെഡ്പൂര്‍ ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലാകും പരിശോധന നടത്തുക.

ആകെ 36 സാമ്പിളുകളാണ് വിദഗ്ധ പരിശോധനയ്ക്കയക്കുക. എത്രയും വേഗം പരിശോധന ഫലം നല്‍കാമെന്നാണ് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സാമ്പിളുകള്‍ പരിശോധിക്കാന്‍ ദേശീയ ലബോറട്ടറി സന്നദ്ധത അറിയിച്ചുവെന്ന് എസ്ഐടി അറിയിച്ചു. ശാസ്ത്രീയ പരിശോധന സൗജന്യമായി നടത്താമെന്ന് ദേശീയ ലബോറട്ടറി അറിയിച്ചിട്ടുമുണ്ട്.

അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31ന് മുന്‍പ് നല്‍കുമെന്നാണ് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കുറ്റപത്രവും മാര്‍ച്ച് 31ന് മുന്‍പായി നല്‍കും. അന്വേഷണവുമായി ബന്ധപ്പെട്ട വിവരശേഖരണങ്ങള്‍ക്കായി മൊബൈല്‍ ഫോണ്‍ സേവനദാതാക്കളോട് പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷത്തെ കോള്‍ വിശദാംശങ്ങളാണ് എസ്ഐടി ആവശ്യപ്പെടുക. ബിഎസ്എന്‍എല്‍ ഉള്‍പ്പടെയുള്ള സേവനദാതാക്കള്‍ വിവരങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം, ശബരിമല കൊടിമരക്കൊള്ളയില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് വിജിലന്‍സ്. കൂടുതല്‍ പേരില്‍ നിന്നും മൊഴിയെടുപ്പ് നടത്തിയ വിജിലന്‍സ് നിരവധി തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കൊടിമരം നിര്‍മിച്ച അനന്തന്‍ ആചാരിയില്‍ നിന്നാണ് വിജിലന്‍സ് പ്രധാനമായും മൊഴിയെടുത്തത്. ചെമ്പുപയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികള്‍ ചെയ്‌തെന്ന് അനന്തന്‍ ആചാരി മൊഴി നല്‍കിയിട്ടുണ്ട്.

തിരുവാഭരണം കമ്മീഷണര്‍ ഓഫീസിലെ സൂപ്രണ്ടിന്റെ മൊഴിയും വിജിലന്‍സ് എടുത്തിട്ടുണ്ട്. വിജിലന്‍സ് സംഘം പരിശോധനയ്ക്കായി സന്നിധാനത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ദേവസ്വം ഓഫീസിലെ രേഖകളാണ് പിടിച്ചെടുത്തത്. കൊടിമര നിര്‍മാണ ചിത്രങ്ങളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്.

Scroll to Top