ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് മുഖ്യമന്ത്രി നിര്‍വഹിക്കും
കണ്ണൂര്‍: വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുങ്ങുന്ന ടൗണ്‍ഷിപ്പിനായി പെന്‍ഷന്‍ തുകയില്‍ നിന്ന് 20 ലക്ഷം രൂപ കൈമാറി അഴീക്കോട് സ്വദേശിയായ റിട്ട. പ്രൊഫസര്‍ പി കരുണാകരനും അധ്യാപികയായ ഭാര്യ ഗീതയും. കണ്ണൂര്‍ വേങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ വികസന സംവാദ സദസ്സിലെത്തിയാണ് പി കരുണാകരനും ഗീതയും 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
ദുരന്തബാധിതര്‍ക്കായി എന്താണ് ചെയ്യാന്‍ കഴിയുകയെന്ന ആലോചനയില്‍ നിന്നാണ് മുഖ്യമന്ത്രിക്ക് തുക കൈമാറാമെന്ന തീരുമാനത്തില്‍ ഇരുവരും എത്തിയത്. ദുരന്തബാധിതര്‍ക്കായി ഒരു വീട് പണിയാന്‍ ഈ തുക വിനിയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് പി കരുണാകരനും ഗീതയും പറഞ്ഞു. ഗീതയുടെ അച്ഛന്‍ കുന്ദാരന്‍ രാഘവന്റെയും അമ്മ കെ വി കാര്‍ത്ത്യായനിയുടെയും കരുണാകരന്റെ സഹോദരന്‍ നാണുവിന്റെയും സ്മരണാര്‍ത്ഥമാണ് തുക നല്‍കിയത്.
ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയിലാണ് ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 178 വീടുകളുടെ ഗുണഭോക്തൃ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് നടക്കും. ബുധനാഴ്ച വൈകിട്ട് നാലിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയവിതരണവും നിര്‍വഹിക്കും. മഴക്കാലത്തിന് മുമ്പായി 327 ഗുണഭോക്താക്കള്‍ക്കും ഭൂമിയും വീടും നല്‍കി പൂര്‍ണപുനരധിവാസം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്




