ആരാണ് ആ ഭാഗ്യവാന്‍? ക്രിസ്മസ് ബംബര്‍ തര്‍ക്കം, ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് ലോട്ടറി വകുപ്പ്
തിരുവനന്തപുരം: ക്രിസ്മസ് ബംബര്‍ തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി ലോട്ടറി വകുപ്പ്. ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് സമ്മാനത്തുക നല്‍കുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ലോട്ടറി ടിക്കറ്റ് സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണെന്നും വകുപ്പിന് പ്രധാനം ടിക്കറ്റിന്റെ വിശ്വാസ്യതയാണെന്നും കോടതി നിര്‍ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടര്‍ മിഥുന്‍ പ്രേംരാജ് ഐഎഎസ് വ്യക്തമാക്കി. ബംബറില്‍ രണ്ടുപേര്‍ അവകാശമുന്നിച്ചതിന് പിന്നാലെ 20 കോടി സമ്മാനത്തുക ഹൈക്കോടതി ഇടപെട്ട് തടഞ്ഞുവെച്ചിരിക്കയാണ്.
20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബംബര്‍ സമ്മാനത്തിന് അവകാശമുന്നയിച്ച് റിട്ട. എഎസ്ഐ കോടതിയെ സമീപിച്ചതോടെയാണ് ബംബര്‍ വിവാദം ഉടലെടുത്തത്. പിറവം പാഴൂര്‍ സ്വദേശിയായ റിട്ട. എഎസ്ഐ കെ കെ സജിമോനാണ് ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച് പൊലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നറുക്കെടുത്ത XC 138455 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ഈ ടിക്കറ്റിനാണ് ഇദ്ദേഹം അവകാശവാദം ഉന്നയിച്ചത്.
പൊലീസില്‍ നിന്ന് പിരിഞ്ഞ ശേഷം ട്രാവലര്‍ സര്‍വീസ് നടത്തുകയാണ് സജിമോന്‍. വണ്ടിയില്‍ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാര്‍ നെയ്പാത്രം മറന്നുവെച്ചിരുന്നു. താന്‍ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിലാണ് സൂക്ഷിച്ചിരുന്നത്, എന്നാലിത് ഓര്‍മിക്കാതെ പാത്രത്തിന്റെ ഉടമയ്ക്ക് കൊറിയര്‍ ചെയ്തുവെന്നായിരുന്നു സജിമോന്റെ വാദം. നെയ് പാത്രം കൊറിയര്‍ ചെയ്തു കൊടുത്തപ്പോള്‍ അതിനൊപ്പം ടിക്കറ്റും ഉള്‍പ്പെട്ടു. പിറവത്തെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് ജനുവരി 30 നാണ് പാത്രം കൊറിയര്‍ ചെയ്തതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ടാണ് സജിമോന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതിനോടകം ബംബര്‍ സമ്മാനമടിച്ചയാള്‍ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തില്‍ ഹാജരാക്കിയതായാണ് വിവരം.




