രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തില്‍ നിന്ന് BJP സംഭാവനയായി സ്വീകരിച്ചത് 30 കോടി; റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനമായ അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ബിജെപിക്ക് റെക്കോര്‍ഡ് തുക സംഭാവന നല്‍കിയതായി റിപ്പോര്‍ട്ട്. സ്‌ക്രോള്‍ ഡോട് ഇന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2024- 25 കാലയളവില്‍ ബിജെപിക്ക് അല്ലാന ഗ്രൂപ്പ് 30 കോടി രൂപ സംഭാവന നല്‍കി എന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
2018ന് ശേഷം ഇക്കാലയളവില്‍ ആദ്യമായി സ്ഥാപനം 10,000 കോടിയിലധികം വരുമാനം രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം സ്ഥാപനം ഇതുവരെ നല്‍കിയതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന സംഭാവനയാണ് 30 കോടി എന്ന തുക.
നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരായാണ് സംഭാവന നല്‍കിയതെന്ന നിലപാടിലാണ് സ്ഥാപന അധികൃതര്‍. മോദി സര്‍ക്കാരിന്റെ കീഴില്‍ സുസ്ഥിര വളര്‍ച്ചക്കായി പോസിറ്റീവായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കയാണ്. വികസിത ഭാരതത്തിന്റെ കൂടുതല്‍ മുന്നേറ്റത്തിനും വളര്‍ച്ചയ്ക്കുമായി സംഭാവന നല്‍കിയിട്ടുണ്ടെന്നുമാണ് അല്ലാന ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫൗസാന്‍ അലവി ഇതു സംബന്ധിച്ച ചോദ്യവുമായി ബന്ധപ്പെട്ട് സ്‌ക്രോളിന് നല്‍കിയ മറുപടി.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാരും മാംസ വ്യവസായവും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റം വന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അല്ലാന ഗ്രൂപ്പിന്റെ പ്രധാന മാംസ സംസ്‌കരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലാണ് ഇറച്ചി വിതരണ ശൃഖലയില്‍ പ്രതിസന്ധികള്‍ നേരിട്ടത്. അതിന് പ്രധാന കാരണമായി പറയുന്നത് ഈ സംസ്ഥാനങ്ങളില്‍ ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വവാദികള്‍ ഇറച്ചി വ്യാപാരികള്‍ക്ക് നേരെ ആക്രമണം നടത്തി എന്നതാണ്. അതില്‍ പ്രധാനമായും ആക്രമണത്തിനിരകളായത് മുസ്ലിംകളാണ്. 2019 ജനുവരിയില്‍ അല്ലാന ഗ്രൂപ്പിന്റെതായ 100ഓളം സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അല്ലാന ഗ്രൂപ്പ് 2,000 കോടിയുടെ നികുതി വെട്ടിച്ചുവെന്ന് വകുപ്പ് ആരോപിച്ചു. എന്നാല്‍ ഇതിനോട് അല്ലാന ഗ്രൂപ്പ് പ്രതികരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോപണങ്ങള്‍ക്ക് പിന്നാലെ അല്ലാന ഗ്രൂപ്പ് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയെന്നും സംഭവം നടന്ന അതേ വര്‍ഷം ഏഴ് കോടിയുടെ ഇലക്ടറല്‍ ബോണ്ടാണ് വാങ്ങിയതെന്നുമാണ് വിവരം. ഇത് കൂടാതെ ഇക്കാലയളവില്‍ ശിവസേനയ്ക്ക് അഞ്ച് കോടിയും ബിജെപിക്ക് രണ്ട് കോടിയും സംഭാവന ഇനത്തില്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.




