സ്വര്‍ണവില ഉയരുന്നതില്‍ ആശങ്ക വേണ്ടെന്ന് നിര്‍മല സീതാരാമന്‍; വില കൂടാനുള്ള കാരണങ്ങള്‍ ഇതൊക്കെ എന്ന് മന്ത്രി

സ്വര്‍ണവില ഉയരുന്നതില്‍ ആശങ്ക വേണ്ടെന്ന് നിര്‍മല സീതാരാമന്‍; വില കൂടാനുള്ള കാരണങ്ങള്‍ ഇതൊക്കെ എന്ന് മന്ത്രി

ന്യൂഡല്‍ഹി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ ഉയര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില നിരീക്ഷിച്ച് വരികയാണെന്നും സാഹചര്യങ്ങള്‍ നിലവില്‍ ആശങ്കാജനകമല്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നിലവില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 1, 18,440 രൂപയാണ് വില.

നിലവിലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലക്കയറ്റം ‘സീസണ്‍’ ആയതിനാലാണെന്നും ധനമന്ത്രി വ്യക്തമാക്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു നിര്‍മല സീതാരാമന്റെ പ്രതികരണം.

ലോകത്തെ മിക്ക രാജ്യങ്ങളും അവയുടെ സെന്‍ട്രല്‍ ബാങ്കുകളും സ്വര്‍ണവും വെള്ളിയും വാങ്ങി സൂക്ഷിക്കുന്നു. ഇപ്പോഴത്തെ വില വര്‍ധനവിന്റെ പ്രധാന കാരണം രാജ്യങ്ങളുടെയും ബാങ്കുകളുടെയും ഈ പ്രവര്‍ത്തിയാണ്. ഒരു കുടുംബത്തെ സംബന്ധിച്ച് ഏറ്റവും മികച്ചതും സുരക്ഷിതവുമായ നിക്ഷേപമാണ് സ്വര്‍ണം. കൂടാതെ ഉത്സവ സീസണ്‍ ആരംഭിച്ചതിനാലും സ്വര്‍ണത്തിന്റെ ആവശ്യകതയേറിയിട്ടുണ്ട്. കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. സ്വര്‍ണ വിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഇന്ത്യ-യുഎസ് കരാറില്‍ അഭിപ്രായം പറയാന്‍ സമയമായിട്ടില്ലെന്നും നിര്‍മല സീതാരാമന്‍ പ്രതികരിച്ചു. വാണിജ്യ മന്ത്രാലയം കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് പുതുതായി ചുമത്തിയ തീരുവ എങ്ങനെ ബാധിക്കുമെന്ന് അന്വേഷിക്കുകയാണെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

Scroll to Top