കുവൈത്തില്‍ യുവാക്കള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കി; പുതിയ നിയമം പ്രാബല്യത്തില്‍
കുവൈത്തില്‍ പുരുഷന്മാര്‍ നിര്‍ബന്ധമായും സൈനിക സേവനം നടത്തണമെന്ന നിയമം പ്രാബല്യത്തില്‍. 2012 ജനുവരി 1-നോ അതിനുശേഷമോ ജനിച്ച എല്ലാ കുവൈത്ത് പുരുഷന്മാര്‍ക്കും 18 വയസ് തികയുമ്പോള്‍ സൈനിക സേവനം നിര്‍ബന്ധമാണ്. രാജ്യത്തെ സൈനിക ആവശ്യങ്ങള്‍ പരിഗണിച്ചാണ് നിയമ നിര്‍മാണം നടത്തിയിരിക്കുന്നത്.
ദേശീയ സൈനിക സേവനവുമായി ബന്ധപ്പെട്ട 2015-ലെ നിയമത്തിലാണ് പുതിയ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. സൈനിക സേവനത്തിനായി പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി 60 ദിവസത്തില്‍ നിന്നും 180 ദിവസമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എതെങ്കിലും കുടുംബത്തില്‍ ഒരാള്‍ മാത്രമാണ് ആണ്‍കുട്ടിയായി ഉള്ളതെങ്കില്‍ സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കാന്‍ പുതിയ നിയമം അനുവദിക്കുന്നു.
അതിനിടെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നിയമനങ്ങള്‍ക്കായി സ്വതന്ത്ര തൊഴില്‍ ലൈസന്‍സ് എന്നിവയ്ക്കായി സേവനം പൂര്‍ത്തിയാക്കിയതിന്റെ, ഒഴിവാക്കപ്പെട്ടതിന്റെ അല്ലെങ്കില്‍ നീട്ടിവെച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന നല്‍കും. മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവര്‍ക്ക് ചികിത്സ പൂര്‍ത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും
സേവനത്തിന് ഹാജരാകാതിരുന്നാല്‍ അല്ലെങ്കില്‍ വൈകിയാല്‍ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തും. സജീവ സേവനം പൂര്‍ത്തിയാക്കിയവര്‍ 10 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 30 ദിവസം റിസര്‍വ് സേവനത്തില്‍ പങ്കെടുക്കണം, അല്ലെങ്കില്‍ 45 വയസ് വരെയാകും സേവനം. തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവന കാലയളവില്‍ ഉള്‍പ്പെടുത്തില്ല. നിയമലംഘനങ്ങള്‍ക്ക് തടവും പിഴയും ഉള്‍പ്പെടുന്ന കര്‍ശന ശിക്ഷകള്‍ ഉള്‍പ്പെടുത്തി.
നാഷണല്‍ മിലിട്ടറി സര്‍വീസ് അതോറിറ്റിക്ക് കീഴില്‍ നാല് പ്രധാന മേഖലകളില്‍ ഏതെങ്കിലും ഒന്നിലേക്ക് സൈനിക സേവനത്തിനായി യുവാക്കളെ നിയമിക്കാം. കുവൈറ്റ് സായുധ സേന, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് നാഷണല്‍ ഗാര്‍ഡ്, കുവൈത്ത് ഫയര്‍ ഫോഴ്‌സ് എന്നിവയാണ് ഈ നാല് മേഖലകള്‍.
ജോലി ചെയ്യുന്നതിനിടയില്‍ സൈനിക സേവനത്തിന് പോകേണ്ടി വരുന്നവര്‍ക്ക് വിവിധ ആനുകൂല്യങ്ങളും ലഭിക്കും. സൈനിക സേവന കാലയളവിലും അവരുടെ ജോലിയില്‍ നിന്നുള്ള ശമ്പളം, അലവന്‍സുകള്‍, ബോണസുകള്‍ എന്നിവ നിലനിര്‍ത്തും. സൈനിക സേവനത്തില്‍ ചെലവഴിക്കുന്ന സമയം അവരുടെ ആകെ ജോലി പരിചയത്തിന്റെയോ തൊഴില്‍ വര്‍ഷങ്ങളുടെയോ ഭാഗമായി കണക്കാക്കും. ദേശീയ സുരക്ഷ ശക്തമാക്കുന്നതിന്റെയും യുവാക്കളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.




