കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടി മുദ്രവെച്ച കവറില്‍ അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറി. പരാതിയുമായി മുന്നോട്ട് പോകാന്‍ മൊഴി നല്‍കിയവര്‍ക്ക് താത്പര്യമില്ലെങ്കില്‍ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിനോദ മേഖലയില്‍ നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. ചൂഷണം അവസാനിപ്പിക്കണമെന്നും സിനിമാ മേഖലയെ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മേഖലയെയും ഉള്‍ക്കൊള്ളുന്നതാകണം നിയമം എന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരുടെ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെടുത്ത തുടര്‍നടപടികളും സിബിഐ അന്വേഷണം വേണമെന്നതടക്കമുള്ള ഹര്‍ജികളുമാണ് കോടതി പരിഗണിച്ചത്. സിനിമാ മേഖലയില്‍ എന്ത് നടക്കുന്നുവെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തിഗത വിഷയങ്ങള്‍ നിലവില്‍ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് തൊഴിലിടത്തില്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത്. സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കാനുള്ള സാധ്യത ഉണ്ടോയെന്ന് പരിശോധിക്കണം. ചൂഷണം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വിനോദ മേഖലക്കായി പുതിയ നിയമ നിര്‍മാണത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനായി വനിതാ കമ്മീഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസര സമത്വം ഉറപ്പു വരുത്തുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തികൊണ്ടാവും പുതിയ നിയമമെന്നും വനിതാ കമ്മിഷന്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് നിയമ നിര്‍മാണം. ലൈംഗികാതിക്രമങ്ങള്‍ ഒഴിവാക്കുന്നതും ലിംഗ നീതി ഉറപ്പാക്കുന്നതുമാണ് മുഖ്യ ലക്ഷ്യം. സംഗീതം, സിനിമ, ടെലിവിഷന്‍, നാടകം, സര്‍ക്കസ്, ഫാഷന്‍ എന്നിവ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും വനിതാ കമ്മീഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.