ഒപി ബഹിഷ്‌കരണം പിന്‍വലിച്ച് KGMOA; ആറ്റുകാല്‍ ഡ്യൂട്ടികളിലും സഹകരിക്കും
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ സൂപ്രണ്ടിന് പരിക്കേറ്റതില്‍ ആഹ്വാനം ചെയ്ത സമരത്തില്‍ അയവ് വരുത്തി കെജിഎംഒഎ (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍). നെടുമങ്ങാട് സംഘര്‍ഷത്തില്‍ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുതിയ തീരുമാനം.
ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനവും കെജിഎംഒഎ മാറ്റി. തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡിയുടെ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ നിസ്സഹരണ സമരം തുടരുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഡോ. ബിന്ദു സുന്ദറിന്റെ സസ്പെന്‍ഷനില്‍ തീരുമാനമെടുക്കണമെന്ന ആവശ്യവുമായാണ് നിസ്സഹകരണ സമരം തുടരുന്നത്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ഡോ.ബിന്ദു സുന്ദറിന്റെ ഭാഗത്ത് നിന്നുമുണ്ടായ ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയുടെ നേര്‍ക്ക് പ്രതിഷേധവുമായി എത്തിയത് ആള്‍ക്കൂട്ടാക്രമണത്തിന്റെ തലത്തിലേക്ക് മാറിയെന്നും സൂപ്രണ്ടായ ഡോ. സുമയ്ക്ക് ഗുരുതര പരിക്കേറ്റു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു കെജിഎംഒഎ ജില്ലയില്‍ പ്രതിഷേധം ആരംഭിച്ചത്. സംഭവിച്ചത് ചികിത്സാപ്പിഴവല്ലെന്നും അതുകൊണ്ട് തന്നെ ഡോ. ബിന്ദു സുന്ദറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആരോഗ്യവകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു വിതുര സ്വദേശികളായ എന്‍ കെ നിരഞ്ജന കൃഷ്ണന്റെയും ബിനില്‍ മനോഹറിന്റെയും പെണ്‍കുഞ്ഞ് മരിച്ചത്. പതിനാറാം തീയതി രാവിലെ പത്തിന് ഒന്‍പതാം മാസത്തെ സ്‌കാന്‍ റിപ്പോര്‍ട്ട് കാണിക്കാന്‍ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയതായിരുന്നു നിരഞ്ജനയും ഭര്‍ത്താവും. തുടര്‍ന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനേഴിന് പുലര്‍ച്ചെ 4.30ന് ലേബര്‍ റൂമില്‍ കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രസവം നടന്നില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ രണ്ട് മണിയായിട്ടും പ്രസവം നടന്നില്ല. തുടര്‍ന്ന് 2.20 ന് ആബുലന്‍സില്‍ നിരഞ്ജനയെ മറ്റൊരു കെട്ടിടത്തിലെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് മാറ്റി. ഇവിടെ എത്തി പത്ത് മിനിറ്റിനുള്ളില്‍ ശസ്ത്രക്രിയ കഴിഞ്ഞു. ഇതിന് ശേഷമാണ് ബിനിലിനെ വിളിച്ച് കാര്യം പറയുന്നത്. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെയായിരുന്നു സൂപ്രണ്ടിനെ ആള്‍ക്കൂട്ടം മര്‍ദിച്ചതായുള്ള പരാതി ഉയര്‍ന്നത്. ഇതില്‍ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയുണ്ടായില്ല എന്നായിരുന്നു കെജിഎംഒഎയുടെ വിമര്‍ശനം.
അതേസമയം, കുഞ്ഞ് മരിച്ചതില്‍ പ്രതിഷേധം വ്യാപകമായതോടെയായിരുന്നു ആരോപണ വിധേയായ ഡോ. ബിന്ദു സുന്ദറിനെ സസ്പെന്‍ഡ് ചെയ്തത്. കുഞ്ഞ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതിയെ രൂപീകരിക്കുകയും ചെയ്തിരുന്നു. വിദഗ്ധ സമിതി നടത്തിയ അന്വേഷണത്തില്‍ ബിന്ദു സുന്ദറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. നേരത്തേ തന്നെ സിസേറിയന്‍ ചെയ്യാമായിരുന്ന സാഹചര്യമുണ്ടായിരുന്നിട്ടും ബിന്ദു സുന്ദര്‍ അതിലേക്ക് കടന്നില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വിദഗ്ധ സമിതി ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.
ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസര്‍ജ്യം പുറത്തേയ്ക്ക് പോകുന്നുവെന്ന പരാതിയില്‍ ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്. ചികിത്സ നടത്താനായി കൈക്കൂലി വാങ്ങി എന്ന ആരോപണവും ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.




