കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കാം; അനുമതി നല്‍കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കാം; അനുമതി നല്‍കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

എറണാകുളം: കേരള സ്റ്റോറി 2 പ്രദര്‍ശനത്തിന് അനുമതി നല്‍കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ചിത്രത്തിന്റെ നിര്‍മാതാക്കളായി സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഇന്നലെ രാത്രി വരെ വാദം നീണ്ടിരുന്നു. ഇതിലാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

സിനിമ കണ്ട ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും വിദഗ്ധ സമിതി കണ്ട് അനുമതി നല്‍കിയ ചിത്രത്തിന്റെ പ്രദര്‍ശനം തടയാനാവില്ലെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ക്രമസമാധാനം ലംഘിക്കപ്പെടുമെന്ന കാരണം പ്രദര്‍ശനം തടയാനുള്ള മതിയായ കാരണമല്ല. ക്രമസമാധാന പ്രശ്നം കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

സിനിമയുടെ പ്രദര്‍ശനത്തിനെതിരെ രണ്ട് പേരായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഫ്രെഡി ഫ്രാന്‍സിസ്, ശ്രീദേവ് നമ്പൂതിരി എന്നിവരുടെ ഹര്‍ജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ സിംഗിള്‍ ബെഞ്ച് സിനിമയുടെ റിലീസ് തടഞ്ഞ് ഇടക്കാല ഉത്തവിറക്കിയിരുന്നത്. കേരള സ്റ്റോറി 2വിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. 15 ദിവസത്തേക്കായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ ഇടപെടല്‍.

സിനിമ കേരളത്തിലെ മതസൗഹാര്‍ദത്തിനെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് കോടതി റിലീസ് തടഞ്ഞത്. എന്നാല്‍, സിനിമയുടെ റിലീസ് സ്റ്റേ ചെയ്തതിനെതിരെ നിര്‍മാതാവ് വിപുല്‍ അമൃത് ഷാ നല്‍കിയ അപ്പീലില്‍ ഇന്നലെ രാത്രി തന്നെ പ്രത്യേക സിറ്റിങ്ങില്‍ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു. രാത്രി 7.30ന് ആരംഭിച്ച പ്രത്യേക സിറ്റിങ് 9.45നാണ് അവസാനിച്ചത്. വിധി ഇന്നേക്ക് പറയാന്‍ മാറ്റിവെക്കുകയായിരുന്നു.

വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെയും വിദ്വേഷ പ്രചാരണം ലക്ഷ്യം വെച്ചുള്ള പ്രമേയത്തിന്റെയും പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രമാണ് 2024ല്‍ പുറത്തിറങ്ങിയ കേരള സ്റ്റോറി. സിനിമയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. കേരള സ്റ്റോറി 2വിന്റെ ട്രെയിലറിലെ ഒരു രംഗമാണ് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിം കഥാപാത്രങ്ങളെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. ഇന്ത്യ വൈകാതെ ഇസ്ലാമിക് സ്റ്റേറ്റായി മാറുമെന്നാണ് ടീസറിലുണ്ടായിരുന്നത്. സിനിമയ്ക്ക് എതിരെ യുവജന പ്രസ്ഥാനങ്ങളും സര്‍ക്കാരും പ്രതിപക്ഷവും തുടങ്ങി മലയാളികളെല്ലാം മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്നും ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്.

Scroll to Top