പൂര്‍ണവിശ്രമം; മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

പൂര്‍ണവിശ്രമം; മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് പൂര്‍ണവിശ്രമം. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മന്ത്രിക്ക് നാല് ദിവസത്തെ പൂര്‍ണവിശ്രമം നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്ന് മാര്‍ച്ച് രണ്ട് വരെയുള്ള മന്ത്രിയുടെ പരിപാടികള്‍ മാറ്റിവെച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്. ഇതിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായ മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേയ്ക്കാണ് പോയത്. ഇവിടെയാകും മന്ത്രി വിശ്രമത്തില്‍ കഴിയുക.

ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചായിരുന്നു മന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. റെയില്‍വെ സ്റ്റേഷനിലൂടെ നടന്ന് നീങ്ങുകയായിരുന്ന മന്ത്രിക്ക് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുകയായിരുന്നു. മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു. ആദ്യം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ മന്ത്രിക്ക് കഴുത്തില്‍ ക്ഷതം കണ്ടെത്തി. ഇതിന് ശേഷം കഴുത്തിലെ വേദന കയ്യിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സ കണക്കിലെടുത്ത് മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Scroll to Top