‘പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സരിക്കാന്‍ തയ്യാര്‍’; സ്ഥാനാര്‍ത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളാതെ സിനിമാ താരം രമേഷ് പിഷാരടി. നേതൃത്വത്തില്‍ നിന്നും ഇതുവരെ അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരില്‍ പാലക്കാട് എന്നല്ല എവിടെ മത്സരിക്കാന്‍ അവസരം ലഭിച്ചാലും അത് അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാന്‍ നിര്‍ദേശിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും രമേശ് പിഷാരടി വ്യക്തമാക്കി. പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു പിഷാരടിയുടെ പ്രതികരണം.
ഈ നിമിഷം വരെ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തില്‍ നിന്നും ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും തന്റെ പേര് ഉയര്‍ന്നുവന്നത് ശ്രദ്ധിച്ചിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത കാലയളവിലും താനൊരു കോണ്‍ഗ്രസുകാരനാണ് എന്ന് തുറന്നുപറയാന്‍ കാണിച്ച ആ നിലപാടിനുള്ള സ്നേഹമായിട്ടാകാം തന്റെ പേര് ഉയര്‍ന്നുവരുന്നത്. അതൊരു അംഗീകാരമായി കാണുന്നുവെന്നും പിഷാരടി പറഞ്ഞു.
നേതൃത്വം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും പരാതിയില്ല. താനൊരു അച്ചടക്കമുള്ള പ്രവര്‍ത്തകനായി പറ്റുന്നോളം മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോകും. നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാം, എന്നാല്‍ അവസരം ലഭിച്ചില്ലെങ്കിലും പരാതിയില്ലെന്നും രമേഷ് പിഷാരടി ആവര്‍ത്തിച്ചു. പാലക്കാടല്ല ഏത് മണ്ഡലമായാലും കൈപ്പത്തി അടയാളത്തില്‍ മത്സരിക്കുക എന്നത് മാത്രമാണ് പ്രാധാന്യമുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു.




