കേസിലെ പ്രതിയായിരുന്ന ദിലീപ് ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ട വിചാരണകോടതി വിധിക്കെതിരെയായിരുന്നു അപ്പീല്‍
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. കേസിലെ പ്രതിയായിരുന്ന ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണമെന്നും പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള കുറ്റവാളികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചുള്ള 300 പേജുള്ള അപ്പീലിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ള ആറ് പ്രതികള്‍ക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി പിഴ ശിക്ഷയുമാണ് വിധിച്ചിരുന്നത്. എന്നാല്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഏട്ടാം പ്രതി ദിലീപ് അടക്കമുള്ള ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു.
കേസില്‍ ശിക്ഷിക്കപ്പെട്ട ആറ് പ്രതികള്‍ നിലവില്‍ വിയ്യൂര്‍ ജയിലിലാണ്. ഇവര്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുഖേനയാണ് ഹൈക്കോടതി നോട്ടീസയച്ചത്. കുറ്റവിമുക്തരാക്കപ്പെട്ട ദിലീപ് അടക്കമുള്ള നാല് പ്രതികള്‍ക്ക് നെടുമ്പാശേരി എസ്എച്ച്ഒ മുഖേന നോട്ടീസ് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. അതേസമയം വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
വിചാരണക്കോടതി വിധിയെ നിശിതമായി വിമര്‍ശിച്ചായിരുന്നു പ്രോസിക്യൂഷന്റെ അപ്പീല്‍. വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണെന്നും പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് യുക്തമായ സന്ദേശമായിരിക്കണമെന്നും ദിലീപ് ഉള്‍പ്പെടെ പ്രതികളെ വിറുതെവിട്ടത് നിയമ വിരുദ്ധമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.




