കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാല്‍ കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി.

22 പുതിയ എയിംസുകളില്‍ 18 എണ്ണം പ്രവര്‍ത്തനക്ഷമമായെന്നും 4 എണ്ണം നിര്‍മ്മാണ ഘട്ടത്തിലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തെങ്കില്‍ മാത്രമേ സാധ്യതാ പoനം നടത്താനാകൂവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 2014 ല്‍ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. 2020-2021, 2024-2025 കാലയളവിനുള്ളില്‍ സംസ്ഥാനത്തിനായി ആരോഗ്യമേഖലയില്‍ മാത്രം കേന്ദ്രം 4173 കോടി അനുവദിച്ചതായും കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു.

എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ 10 വര്‍ഷമായി ഒന്നും ചെയ്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക ഹൈക്കോടതിയില്‍ വാദിച്ചു. 2016 ല്‍ പദ്ധതി മുന്നോട്ട് വെച്ചു. അതിന് ശേഷം നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്ന് കേന്ദ്രം പറഞ്ഞു. അതേസമയം കേന്ദ്ര വാദം സംസ്ഥാനം തള്ളി. സ്ഥലം ലം കണ്ടെത്തി നല്‍കി. അത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ നിരന്തരം എയിംസ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. പുതിയതായി അനുവദിച്ച 22 എയിംസുകള്‍ക്കും സ്വീകരിച്ച മാനദണ്ഡം എന്തെന്നറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

Scroll to Top