പാചകവാതക ക്ഷാമം നേരിടാന്‍ മുന്‍ഗണന ക്രമവുമായി സംസ്ഥാന സര്‍ക്കാര്‍

പാചകവാതക ക്ഷാമം നേരിടാന്‍ മുന്‍ഗണന ക്രമവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പാചകവാതക ക്ഷാമം നേരിടാന്‍ വിതരണത്തില്‍ മുന്‍ഗണന ക്രമം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കുമാണ് പ്രഥമ പരിഗണന. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന് അനുവദിച്ച ഗാര്‍ഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. പാചക വാതക സിലണ്ടറുകളുടെ ഉപഭോഗം നിരീക്ഷിക്കാന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ മോണിറ്ററിംഗ് കമ്മറ്റി സജ്ജീകരിക്കും. ഗാര്‍ഹികേതര വിതരണത്തിനും മുന്‍ഗണനാക്രമം നിശ്ചയിക്കും. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാന്‍ എന്‍ഫോഴ്സ്മെന്റ് സംഘം രൂപീകരിക്കാനും ഉന്നതതലയോഗം തീരുമാനിച്ചു.

എന്നാല്‍ എല്‍പിജി പ്രതിസന്ധിയില്‍ ആശങ്ക വേണ്ടെന്നാണ് പെട്രോളിയം മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആളുകള്‍ തിരക്ക് കൂട്ടി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് തെറ്റിദ്ധാരണയും വ്യാജ വിവരങ്ങളും മൂലമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം അറിയിച്ചു.

എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 40,000 ലിറ്റര്‍ അധിക മണ്ണെണ്ണ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എല്‍പിജിയുടെ ക്ഷാമത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയെ നേരിടാനാണ് ഈ നീക്കം. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ പറഞ്ഞു. അതേസമയം രാജ്യത്തെ ക്രൂഡ് ഓയില്‍ വിതരണത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും രാജ്യത്തെ ഒരു ലക്ഷം പെട്രോള്‍ പമ്പുകളിലും ക്ഷാമമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.

Scroll to Top