40,000 കിലോലിറ്റര്‍ അധിക മണ്ണെണ്ണ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

40,000 കിലോലിറ്റര്‍ അധിക മണ്ണെണ്ണ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 40,000 കിലോലിറ്റര്‍ അധിക മണ്ണെണ്ണ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍. എല്‍പിജിയുടെ ക്ഷാമത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയെ നേരിടാനാണ് ഈ നീക്കം. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ പറഞ്ഞു. അതേസമയം ക്രൂഡ് ഓയില്‍ വിതരണത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും രാജ്യത്തെ ഒരു ലക്ഷം പെട്രോള്‍ പമ്പുകളിലും ഇന്ധന ക്ഷാമമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് ഗ്രാമമേഖലകളില്‍ ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയത്. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും. ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകള്‍ കൂട്ടത്തോടെ അടയ്ക്കുന്ന സാഹചര്യവുമുണ്ട്. കേരളത്തില്‍ കഴിഞ്ഞ ദിവസം മാത്രം ഇരുപത് ശതമാനം ഹോട്ടലുകള്‍ അടച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Scroll to Top