‘നിലപാട് നാളെ പറയും’: കെ സുധാകരന്‍ ബുധനാഴ്ച മാധ്യമങ്ങളെ കാണും

‘നിലപാട് നാളെ പറയും’: കെ സുധാകരന്‍ ബുധനാഴ്ച മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന്‍ നാളെ മാധ്യമങ്ങളെ കാണും. നാളെ രാവിലെ ഡല്‍ഹിയില്‍വെച്ച് മാധ്യമങ്ങളെ കണ്ടാണ് അദ്ദേഹം നിലപാട് പറയുക. കെ സുധാകരന്‍ അനുയായികളുമായി കൂടിയാലോചന നടത്തി. കണ്ണൂരിലെ പ്രധാനപ്പെട്ട നേതാക്കളുമായും ആശയവിനിമയം നടക്കുകയാണ്. ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിയ കെ സുധാകരന്‍ ഫ്ളാറ്റില്‍ തന്നെ തുടരുകയാണ്. രാവിലെ എം കെ രാഘവന്‍ കെ സുധാകരനെ കാണാനെത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് രാഘവന്‍ മടങ്ങിയത്.

അതേസമയം, കെ സുധാകരന് സീറ്റില്ലെങ്കില്‍ പേരാവൂരില്‍ സണ്ണി ജോസഫിനായി പ്രവര്‍ത്തിക്കേണ്ടെന്നാണ് സുധാകരന്‍ അനുകൂലികളുടെ ആഹ്വാനം. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് മുന്നറിയിപ്പ്. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാത്ത നേതാക്കള്‍ക്ക് വേണ്ടി എന്തിന് പ്രവര്‍ത്തിക്കണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്ട്സാപ്പ് കൂട്ടായ്മകളില്‍ പ്രചരിക്കപ്പെട്ട സന്ദേശത്തില്‍ പറയുന്നത്. കണ്ണൂരില്‍ സിപിഐഎം വിമതര്‍ക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. അടികൊളളാന്‍ മാത്രമാണോ യൂത്ത് കോണ്‍ഗ്രസ് എന്നാണ് നേതാക്കള്‍ ചോദിക്കുന്നത്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്.

കെ സുധാകരനും അടൂര്‍ പ്രകാശുമുള്‍പ്പെടെ മത്സരിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാരുടെ പേരും ആദ്യഘട്ട പട്ടികയിലില്ല. ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. തൃത്താലയില്‍ വി ടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി.

Scroll to Top