ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഒരു മത്സരം ശേഷിക്കെ പൂനെ ടെസ്റ്റ് 113 റണ്‍സിന് ജയിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കുന്നത്. രണ്ട് ഇന്നിംഗ്സിലുമായി 13 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്നറാണ് ഇന്ത്യയെ തകര്‍ത്തത്. സ്‌കോര്‍: ന്യൂസിലന്‍ഡ് 259, 255 & ഇന്ത്യ 156, 255. ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ പരമ്പര നേടുന്നത്. ബെംഗളൂരു ടെസ്റ്റിലും ന്യൂസിലന്‍ഡ് ആധികാരിക വിജയം നേടിയിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റ് നവംമ്പര്‍ ഒന്നിന് മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കും.
359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ സെഷനില്‍ നേരിയ വിജയപ്രതീക്ഷ ഉണ്ടായിരുന്നു ഇന്ത്യക്ക്. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 12 ഓവറില്‍ 81 റണ്‍സിലെത്തിയിരുന്നു. ആറാം ഓവറിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(8) നഷ്ടമായിരുന്നെങ്കിലും യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചതോടെയാണ് ഈ സ്‌കോറിലെത്തിയത്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ജയത്തിലേക്ക് ഇന്ത്യക്ക് വേണ്ടിയിരുന്നത് 278 റണ്‍സാണ്. എന്നാല്‍ ലഞ്ചിന് ശേഷം പ്രതീക്ഷകളെല്ലാം അവസാനിച്ചു. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെന്ന നിലയിലായി.