നീലേശ്വരം: നൂറുകണക്കിനാളുകള്‍ നിത്യവും നടന്നുപോകുന്ന നിലേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആദ്യ വേനല്‍മഴയില്‍തന്നെ വെള്ളക്കെട്ട്. റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാത്ത അവസ്ഥയാണ്. തിങ്കളാഴ്ച യാത്രി പെയ്ത വേനല്‍മഴയിലാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്. സമീപത്തെ റെയില്‍വേയുടെ ഡ്രെയ്‌നേജ് സംവിധാനം ആകെ തകര്‍ന്നിരിക്കുകയാണ്. റെയില്‍വേ ജീവനക്കാര്‍ മുറിച്ചുമാറ്റിയ തണല്‍മരങ്ങള്‍ ഓവുചാലിലാണ് തള്ളിയത്. കൂടാതെ, കാടുമുടിയും ചപ്പുചവറുകള്‍ നിറഞ്ഞും ഓടകള്‍ പൂര്‍ണമായും അടഞ്ഞ നിലയിലാണ്.
നിലവില്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്നുവരുന്ന നിര്‍മാണപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥിരമായി വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ മണ്ണിട്ടുയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തിയിരിക്കുകയാണ്. ഇതുകാരണം നിലവിലെ റോഡ് വളരെ താഴ്ന്നനിലയിലാണ്. മഴ കനക്കുന്നതോടെ വെള്ളം കുത്തിയൊലിച്ച് റോഡിലൂടെ ഒഴുകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇങ്ങനെ സംഭവിച്ചാല്‍ കാല്‍നടയായും വാഹനത്തിലും റെയില്‍വേ സ്റ്റേഷനിലെത്താന്‍ മഴക്കാലത്ത് വലിയ പ്രയാസമായിരിക്കും.
കേരള ജല അതോറിറ്റിക്കുവേണ്ടി കരാറുകാരന്‍ പുതിയ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ട് റോഡ് പൂര്‍വസ്ഥിതിയിലാക്കാതെ പോയതുകാരണം മറ്റൊരു വെള്ളക്കെട്ടും നിലവില്‍ ഇവിടെയുണ്ട്. സമീപത്തെ വലിയ കുഴി ഓട്ടോത്തൊഴിലാളികളാണ് കോണ്‍ക്രീറ്റ് ചെയ്ത് താല്‍ക്കാലികമായി അടച്ചത്




