മുട്ടയില്‍ ഇനി എക്‌സ്പയറി ഡേറ്റ് നിര്‍ബന്ധം; ഓരോ മുട്ടയിലും തീയതി രേഖപ്പെടുത്താന്‍ നിര്‍ദേശിച്ച് യു.പി സര്‍ക്കാര്‍
ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ മുട്ടയിലും അതിന്റെ ഉല്‍പാദന തീയതിയും കാലാവധിയും (എക്‌സ്പയറി ഡേറ്റ്) രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടു. ഉപഭോക്താക്കള്‍ക്ക് പുതിയ മുട്ടകള്‍ തിരിച്ചറിയാനും പഴകിയ മുട്ടകള്‍ വില്‍ക്കുന്നത് തടയാനും ലക്ഷ്യമിട്ടാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്.
ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ച നിര്‍ദേശപ്രകാരം, സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നതോ വിതരണം ചെയ്യുന്നതോ ആയ എല്ലാ മുട്ടകളിലും തീയതി സ്റ്റാമ്പ് ചെയ്തിരിക്കണം. മുട്ട ഇട്ട തീയതി മുതല്‍ 28 ദിവസം വരെയാണ് അത് കഴിക്കാന്‍ അനുയോജ്യമായ കാലയളവായി കണക്കാക്കുന്നത്. 28 ദിവസത്തെ കാലാവധി കഴിഞ്ഞ മുട്ടകള്‍ വില്‍ക്കുന്നത് ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
മുട്ടകള്‍ ചില്ലറയായോ മൊത്തമായോ വില്‍ക്കുമ്പോള്‍, അവ പാക്ക് ചെയ്ത കാര്‍ട്ടണുകളില്‍ മാത്രം തീയതി രേഖപ്പെടുത്തിയാല്‍ പോരാ. പകരം, ഓരോ മുട്ടയുടെയും പുറംതോടില്‍ തന്നെ ഈ വിവരങ്ങള്‍ വ്യക്തമായി പതിപ്പിച്ചിരിക്കണം. മുട്ടയുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിലവില്‍ കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
പ്രോട്ടീനിന്റെ പ്രധാന സ്രോതസ്സായ മുട്ട ഇന്ത്യയില്‍ വലിയ തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, പലപ്പോഴും കടകളില്‍ വില്‍ക്കുന്ന മുട്ടകള്‍ എത്ര ദിവസം പഴക്കമുള്ളതാണെന്ന് തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കാറില്ല. സാധാരണയായി മുട്ടകള്‍ ട്രേകളില്‍ തുറന്ന നിലയിലാണ് വില്‍ക്കുന്നത്. ഇതിലൂടെ പഴകിയ മുട്ടകള്‍ തിരിച്ചറിയാതെ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പുതിയ നിയമം വരുന്നതോടെ, വില്‍പന കേന്ദ്രങ്ങളില്‍ വച്ചുതന്നെ മുട്ടയുടെ ഫ്രഷ്‌നസ് പരിശോധിക്കാന്‍ സാധാരണക്കാര്‍ക്ക് സാധിക്കും.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനകള്‍ എളുപ്പമാക്കാനും ഈ മാറ്റം സഹായിക്കും. വരും ദിവസങ്ങളില്‍ പോള്‍ട്രി ഫാമുകള്‍ക്കും വിതരണക്കാര്‍ക്കും പുതിയ സംവിധാനവുമായി പൊരുത്തപ്പെടാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.




