‘മറുപടിക്ക് മന്ത്രാലയത്തില്‍ വരണം’; LPG പ്രതിസന്ധിയും പെട്രോള്‍ വില വര്‍ധനവും സംബന്ധിച്ച ചോദ്യത്തോട് സുരേഷ് ഗോപി
തൃശ്ശൂര്‍: രാജ്യത്തെ പാചക വാതക പ്രതിസന്ധി, പ്രീമിയം പെട്രോള്‍ വില വര്‍ധന വിഷയങ്ങളില്‍ പ്രതികരിക്കാതെ കേന്ദ്ര പെട്രോളിയം- നാച്ചുറല്‍ ഗ്യാസ് വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രാലയത്തില്‍ വരണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇത് റോഡരികില്‍ സംസാരിക്കാനുള്ള കാര്യമല്ല. മന്ത്രാലയത്തിലേക്ക് വന്നാല്‍ മറുപടി നല്‍കാം എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങള്‍ക്ക് മറുപപടി നല്‍കിയത്.
അതേസമയം കേരളത്തിലെ പാചക വാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി വീട്ടിലെത്തിയ മന്ത്രി ജി ആര്‍ അനിലിനെതിരെ സുരേഷ് ഗോപി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നെടുമങ്ങാട് എംഎല്‍എ ദുരുദ്ദേശ്യവുമായാണ് തന്റെ വീട്ടിലെത്തിയതെന്നും രാഷ്ട്രീയക്കാര്‍ ഇങ്ങനെ ആകാന്‍ പാടില്ലെന്നും അതിനുള്ള ശിക്ഷ നെടുമങ്ങാടുള്ളവര്‍ നല്‍കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു എംഎല്‍എയ്ക്ക് വക്രബുദ്ധി ആവാം. ഒരു മന്ത്രിക്ക് അത് പാടില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പാചക വാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി മന്ത്രി ജി ആര്‍ അനില്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തുകയും അദ്ദേഹത്തെ നേരില്‍ കാണുകയും ചെയ്തിരുന്നു. പ്രതിസന്ധിയെ മറികടക്കാന്‍ കേരളത്തിനുള്ള പാചകവാതക വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായാണ് ജി ആര്‍ അനില്‍ സുരേഷ് ഗോപിയെ കണ്ടത്.
രാജ്യത്തെ പ്രതിപക്ഷ നീക്കങ്ങളെല്ലാം വൈകൃതം നിറഞ്ഞാണെന്നും സുരേഷ് ഗോപി ആരോപിച്ചു.
ഒന്ന് വിട്ടുകൊടുത്താല്‍ ഭാരതത്തിന്റെ പ്രതിപക്ഷം പോയി എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ മുഴുവന്‍ ബോംബിട്ട് നശിപ്പിക്കും എന്നാണ് തോന്നുന്നത്. അത്രയ്ക്ക് വൈകൃതം നിറഞ്ഞതാണ് അവരുടെ പ്രതിപക്ഷത്തെ ഓപ്പറേഷനെന്നും സുരേഷ് ഗോപി പറഞ്ഞു.
അപകടഘട്ടം തരണം ചെയ്യാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടത്. രാഷ്ട്രീയം നോക്കി മാറിനില്‍ക്കുകയല്ല വേണ്ടത്. ഒരു വീട്ടില്‍ പോലും പട്ടിണി കിടക്കാതെ കൃത്യമായി നില്‍ക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുപോകും എന്നൊരു ഉറപ്പ് തനിക്ക് നല്‍കാന്‍ സാധിക്കുമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കുത്തിത്തിരിപ്പുകാര്‍ക്ക് കേരളത്തിലെ ജനം വളം ഇടില്ല. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ സംഘ ശബ്ദ ശക്തി നിയമസഭയില്‍ ഉണ്ടാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.




