രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില വര്‍ധിപ്പിച്ചു; ലിറ്ററിന് 2.35 രൂപ വരെ വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില വര്‍ധിപ്പിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 2.35 രൂപ വരെയാണ് കൂടിയത്. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വരും. എന്നാല്‍ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. വിലവര്‍ധന സാധാരണക്കാരെ ബാധിക്കില്ലെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു.
ബിപിസിഎല്ലിന്റെ സ്പീഡ്, എച്ച്പിസിഎല്ലിന്റെ പവര്‍, ഐഒസിഎല്ലിന്റെ എക്സ്പി95 എന്നീ പ്രീമിയം പെട്രോളുകള്‍ക്കെല്ലാം വില വര്‍ധന ബാധകമാണ്. ലിറ്ററിന് 2.9 രൂപ മുതല്‍ 2.35 രൂപ വരെയായിരിക്കും വില വര്‍ധിക്കുക.
വില വര്‍ധനവിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നുമാണ് സൂചന. അതേസമയം രാജ്യത്ത് ഗാര്‍ഹിക എല്‍പിജി ആവശ്യത്തിന് ഉണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഏഴായിരം വാണിജ്യ ഉപഭോക്താക്കള്‍ പിഎന്‍ജിയിലേക്ക് മാറി. 11,000 ടണ്‍ വാണിജ്യ എല്‍പിജി ഒരാഴ്ചയ്ക്കിടെ വിതരണം ചെയ്തുവെന്നും മന്ത്രാലയം വ്യക്തമാക്കി.
പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ പരിശോധന തുടരുകയാണ്. ഇന്നലെ നാലായിരത്തില്‍ അധികം റെയ്ഡുകള്‍ നടത്തിയെന്നും മന്ത്രാലയം അറിയിച്ചു. എല്‍പിജി ഇതര മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.




