‘പ്രയാസ ഘട്ടത്തില്‍ വീടിന്റെ കടബാധ്യതയില്‍ നിന്നും മോചിപ്പിച്ച എന്റെ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നു’: എംകെ മുനീര്‍
മലപ്പുറം: വീടിനെ കടബാധ്യതയില്‍ നിന്നും മോചിപ്പിച്ചതിന് തന്റെ പാര്‍ട്ടിയോട് ജീവിതത്തിലുടനീളം കടപ്പെട്ടിരിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍. ‘വിഷമിക്കേണ്ട, പാര്‍ട്ടി കൂടെയുണ്ട്’ എന്ന ആശ്വാസവാക്കുകള്‍ക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.
തനിക്ക് ആത്മവിശ്വാസവും ശക്തിയും പകര്‍ന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും ജ്യേഷ്ഠ സഹോദരനെ പോലെ കൂടെ തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും കുടുംബത്തിന്റെ ആത്മാര്‍ത്ഥമായ നന്ദിയെന്നും എംകെ മുനീര്‍ കൂട്ടിച്ചേര്‍ത്തു. സമ്പത്തിനേക്കാള്‍ വലുത് സ്നേഹവും ബന്ധവുമാണ് എന്ന് തന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവര്‍ത്തി കൂടി അനുഭവത്തിലൂടെ വായിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്കുകള്‍ക്കതീതം….
‘വിഷമിക്കേണ്ട, പാര്‍ട്ടി കൂടെയുണ്ട്’എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാര്‍ട്ടിക്ക് വാക്കുകള്‍ക്കതീതമായ നന്ദി.
എനിക്ക് ആത്മവിശ്വാസവും ശക്തിയും പകര്‍ന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങള്‍ക്കും ജ്യേഷ്ട സഹോദരനെ പോലെ കൂട തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാര്‍ത്ഥമായ നന്ദി. ഞങ്ങളുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനയില്‍ എന്നും ഉണ്ടാവും. ഈ പ്രയാസ ഘട്ടത്തില്‍ വീടിന്റെ കടബാധ്യതയില്‍ നിന്നും മോചിപ്പിച്ച എന്റെ പാര്‍ട്ടിയോട് ഈ ജീവിതത്തിലുടനീളം ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ഈ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ കുറെയധികം സുമനസ്സുകള്‍ ഹൃദയത്തില്‍ പ്രാര്‍ത്ഥനയോടെ ഞങ്ങളിലേക്ക് സ്‌നേഹം ചൊരിഞ്ഞു. ”നന്ദി” എന്ന രണ്ടക്ഷരം കൊണ്ട് ഈ കടപ്പാട് തീര്‍ക്കാന്‍ സാധിക്കില്ല എന്നെനിക്കറിയാം.
എന്റെ സഹപാഠികള്‍, എന്റെ ഉറ്റ മിത്രങ്ങള്‍, ഞാനറിയാത്ത, എന്നെ ദൂരെ നിന്ന് മാത്രം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ളവര്‍, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍, എന്നെ ഏറെ ഇഷ്ടപ്പെടുന്നവര്‍, കലാ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദേശത്തുള്ളവര്‍, സ്വദേശത്തുള്ളവര്‍ എല്ലാവരും സ്‌നേഹവാക്കുകളും പ്രാര്‍ത്ഥനകളും കൊണ്ട് ഞങ്ങളുടെ കൂടെ നിന്നു എന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സന്തോഷമാണ് പകര്‍ന്നു നല്‍കുന്നത്.
നമുക്ക് നേരിട്ട് പരിചയമില്ലാത്തവരായിട്ടുപോലും ഈ സമയത്ത് വിളിച്ച് ആശ്വസിപ്പിക്കുകയും സഹായഹസ്തം നീട്ടാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് നിഷ്‌കളങ്കമായ ചേര്‍ത്തുവെക്കലായി ഞാന്‍ കാണുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയും പിന്തുണയും എന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയും ചെയ്യുന്നു.
വാര്‍ത്താ മാധ്യമങ്ങള്‍ സദുദ്ദേശപരമായി നടത്തിയ ഇടപെടലുകള്‍ക്കും നന്ദി. പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് പരമകാരുണികന്റെ അനന്തമായ അനുഗ്രഹത്താല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതിലുള്ള ആശ്വാസം എല്ലാവരുമായും ഞാന്‍ പങ്കുവെക്കുന്നു. സമ്പത്തിനേക്കാള്‍ വലുത് സ്നേഹവും ബന്ധവുമാണ് എന്ന എന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവര്‍ത്തി കൂടി ഞാന്‍ വായിച്ചിരിക്കുന്നുഅനുഭവത്തിലൂടെ.
സ്‌നേഹം മാത്രം..
മാര്‍ച്ച് 31-നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബാങ്ക് എം കെ മുനീറിന് നോട്ടീസയച്ചിരുന്നു. കോഴിക്കോട് നടക്കാവിലുളള ക്രസന്റ് ഹൗസിനാണ് ജപ്തി സംബന്ധിച്ച നോട്ടീസ് ലഭിച്ചത്. വീട് നവീകരണത്തിനായി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ അത് പലിശയടക്കം 58 ലക്ഷം രൂപയായി. ഒരുതവണ ബാങ്ക് വായ്പ പുതുക്കി നല്‍കിയിരുന്നു. അതിനുശേഷം ഒരിക്കല്‍പ്പോലും തിരിച്ചടവുണ്ടായില്ല. നിരവധി തവണ ബാങ്ക് അധികൃതര്‍ നോട്ടീസയച്ചിരുന്നു. വായ്പ അടയ്ക്കാന്‍ മുനീറിന്റെ കുടുംബം സന്നദ്ധത അറിയിച്ചുകൊണ്ട് പരമാവധി ഇളവ് വേണമെന്ന് ബാങ്ക് അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് വായ്പ കുടിശ്ശിക 48 ലക്ഷമായി കുറച്ചിരുന്നു. ഈ തുകയാണ് മുസ്ലിം ലീ?ഗ് അടച്ചുതീര്‍ത്തത്.
കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് പണം അടച്ചത്. ലീഗിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നല്‍കിയത്. പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും സംസാരിച്ചതായും ബാധ്യത പരിഹരിക്കാമെന്ന് പറഞ്ഞതായും മുനീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.




