സെന്‍സസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തില്‍ ആദ്യ ഘട്ടം ജൂണില്‍, നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ്, 16 ഭാഷകളില്‍ മൊബൈല്‍ ആപ്പ്
2027 സെന്‍സസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍ ആരംഭിക്കും. സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ ജൂണ്‍ 30വരെ സമയമുണ്ടാകും
ദില്ലി: 2027 സെന്‍സസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍ ആരംഭിക്കും. സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ ജൂണ്‍ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 30വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കും. ആദ്യ ഘട്ടത്തില്‍ ഭവന സെന്‍സസ് ആണ് നടക്കുക. ഇതില്‍ താമസസൗകര്യങ്ങള്‍, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വീടുകളിലെ ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുല്‍പ്പാദന നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ശേഖരിക്കും.




