കാറ്റും മഴയും: കാസര്‍കോട് 1.35 കോടിയുടെ കൃഷിനാശം

കാസര്‍കോട്: ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ 1.35 കോടിയുടെ കൃഷിനാശം. 183.86 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചു. 2208 കര്‍ഷകര്‍ക്കാണ് കൃഷിനാശം നേരിട്ടത്. ഒമ്ബത് വീടുകള്‍ പൂര്‍ണമായും 82 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മതിലിടിഞ്ഞ് രണ്ട് പേര്‍ക്കും മിന്നലേറ്റ് ഒരാള്‍ക്കും പരിക്കേറ്റു.

കാഞ്ഞങ്ങാട് ബ്ലോക്കില്‍ 121 കര്‍ഷകര്‍ക്ക് 11.23 ലക്ഷത്തിന്റെ നാശനഷ്ടവും കാറഡുക്ക ബ്ലോക്കില്‍ 45 കര്‍ഷകര്‍ക്ക് 2.63 ലക്ഷത്തിന്റയും കാസര്‍കോട് ബ്ലോക്കില്‍ 1044 കര്‍ഷകര്‍ക്ക് 45.83 ലക്ഷത്തിന്റെയും മഞ്ചേശ്വരം ബ്ലോക്കില്‍ 241 കര്‍ഷകര്‍ക്ക് 19.64 ലക്ഷത്തിന്റെയും നീലേശ്വരം ബ്ലോക്കില്‍ 562 കര്‍ഷകര്‍ക്ക് 38.96 ലക്ഷത്തിന്റെയും പരപ്പ ബ്ലോക്കില്‍ 195 കര്‍ഷകര്‍ക്ക് 17.19 ലക്ഷത്തിന്റെയും നാശനഷ്ടം സംഭവിച്ചു.

നെല്ല്, തെങ്ങ്, വാഴ, റബര്‍, കമുക്, കുരുമുളക്, ജാതി, മരച്ചീനി, പച്ചക്കറി കൃഷികളെ കാറ്റും മഴയും ബാധിച്ചു. ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലൂക്കുകളില്‍ നാല് വീതവും വെള്ളരിക്കുണ്ട് താലൂക്കില്‍ ഒന്നും വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. ഹോസ്ദുര്‍ഗ് താലൂക്കില്‍ 50 വീടുകളും വെള്ളരിക്കുണ്ട് 14, കാസര്‍കോട് 12, മഞ്ചേശ്വരം ആറ് വീടുകളും ഭാഗികമായി തകര്‍ന്നു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജമായിരുന്നെങ്കിലും ഒന്നും തുറന്നില്ല.

161 കുടുംബങ്ങളിലെ ആകെ 637 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഹോസ്ദുര്‍ഗ് താലൂക്കില്‍ 130 കുടുംബങ്ങളിലെ 452 പേരെയും കാസര്‍കോട് താലൂക്കിലെ നാല് കുടുംബങ്ങളിലെ 19 പേരെയും മഞ്ചേശ്വം താലൂക്കിലെ 27 കുടുംബങ്ങളിലെ 166 പേരെയും ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

മത്സ്യബന്ധന മേഖലകളില്‍ നിരവധി വീടുകള്‍ക്കും ഫൈബര്‍ ബോട്ടുകള്‍ക്കും നാശനഷ്ടം സംഭവിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി.

വൈദ്യുതി മേഖലയില്‍ വന്‍നഷ്ടം

കാസര്‍കോട്: ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാപക നാശനഷ്ടം. അഞ്ച് ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് നാശം സംഭവിച്ചു. 3215 ട്രാന്‍സ്ഫോര്‍മറുകളുടെ വൈദ്യുതി ബന്ധം താല്‍ക്കാലികമായി വിച്ഛേദിക്കേണ്ടി വന്നു. 270 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. 532576 സര്‍വിസ് കണക്ഷനുകള്‍ തകരാറിലായി. 686 സ്ഥലങ്ങളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു.

നാല് ദിവസമായി കെ.എസ്.ഇ.ബിയുടെ പരിശ്രമത്തി!!െന്റ ഫലമായി ആശുപത്രികള്‍, സി.എഫ്.എല്‍.ടി.സികള്‍, കുടിവെള്ള വിതരണ പദ്ധതികള്‍ തുടങ്ങി എല്ലാ അവശ്യസേവന വിഭാഗങ്ങള്‍ക്കും വൈദ്യുതി ലഭ്യത ഉറപ്പാക്കാനും ഭൂരിഭാഗം വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കാനുമായി.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ നടന്നുവരുന്നതായി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

നിവേദനം നല്‍കി

ജില്ലയില്‍ പല സ്ഥലങ്ങളിലും മഴവെള്ളം കയറി കൃഷിയും കടലാക്രമണം കാരണം മത്സ്യബന്ധന മേഖലകളിലും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി.

ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 2,208 കര്‍ഷകര്‍ക്ക് 135.48 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. മത്സ്യബന്ധന മേഖലകളില്‍ നിരവധി വീടുകള്‍ക്കും ഫൈബര്‍ ബോട്ടുകള്‍ക്കും നാശം സംഭവിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.

KCN

more recommended stories