കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

തിരുവനന്തപുരം: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് വിടപറയുകയാണെന്ന് അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും രാജിക്കത്ത് മെയില്‍ ചെയ്തതായി പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെത് ഏകാധിപത്യ പ്രവണതയാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. പുതിയ നേതൃത്വം ആളെ നോക്കി നീതി നടപ്പാക്കുന്നു. നോട്ടീസിന് മറുപടി നല്‍കി 11 ദിവസമായിട്ടും നേതൃത്വം അനങ്ങിയില്ല. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല. താലിബാന്‍ തീവ്രവാദികളെ പോലെയാണ് കെ സുധാകരന്‍ കെപിസിസി പിടിച്ചത്. രാജിവെച്ച എന്നെ പുറത്താക്കി എന്ന് സുധാകരന്‍ പറയുന്നു. സുധാകരന് നാണമില്ലേ എന്നും അനില്‍കുമാര്‍ ചോദിച്ചു. വിയര്‍പ്പും രക്തവും സംഭാവനചെയ്ത കോണ്‍ഗ്രസിനോട് വിട പറയുകയാണെന്ന് അനില്‍കുമാര്‍ പറഞ്ഞു.

നാലാം ക്ലാസില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് രാഷ്ട്രീയമെന്ന് അനില്‍ കുമാര്‍ പറഞ്ഞു.താന്‍ അധ്യക്ഷനായിരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്‍ ഇല്ലാതെ കൊണ്ടുനടന്നു. തുടര്‍ന്ന് അഞ്ചു വര്‍ഷം പദവി ഇല്ലാതെ ഇരുന്നതായിരുന്നു ഇതിന്റെ തിക്ത ഫലം.2016 ലും 2021 ലും കൊയിലാണ്ടി സീറ്റ് നല്‍കാതെ പാര്‍ട്ടി തഴഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ജനാധിപത്യം ഇല്ലാതായെന്നും അനില്‍കുമാര്‍ പറഞ്ഞു.

KCN

more recommended stories