ടാറ്റ പഞ്ചിന്റെ ബുക്കിംഗ് ആരംഭിച്ചു

ടാറ്റയുടെ സ്ഥിരം വേരിയന്റ് ലൈനപ്പില്‍ നിന്നും വ്യത്യസ്തമായി പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാകും ഏറ്റവും പുതിയ പഞ്ച് മൈക്രോ എസ്യുവി വിപണിയില്‍ ഇടംപിടിക്കുക. സാധാരണയായി XE, XM, XT എന്നീ ശ്രേണിലാണ് ടാറ്റ കാറുകള്‍ വില്‍പ്പനയ്ക്ക് എത്താറുള്ളത്. പുതിയ തീരുമാനം വിപണിയില്‍ പഞ്ചിനെ വേറിട്ടുനിര്‍ത്താനും സഹായകരമായേക്കും. വൈറ്റ്, ഗ്രേ, സ്റ്റോണ്‍ഹെഞ്ച് എന്നിങ്ങനെ മൂന്ന് മോണോടോണ്‍ കളര്‍ ഓപ്ഷനിലും വൈറ്റ്, ബ്ലാക്ക്, ഗ്രേ, ബ്ലാക്ക്, ഓറഞ്ച്, ബ്ലാക്ക്, ബ്ലൂ ആന്‍ഡ് വൈറ്റ്, സ്റ്റോണ്‍ഹെഞ്ച്, ബ്ലാക്ക്, അര്‍ബന്‍ ബ്രോണ്‍സ്, ബ്ലാക്ക് എന്നീ ആറ് ഡ്യുവല്‍-ടോണ്‍ നിറങ്ങളിലും അണിഞ്ഞൊരുങ്ങിയാകും മൈക്രോ എസ്യുവി വില്‍പ്പനയ്ക്ക് എത്തുക.

ടാറ്റ പഞ്ചില്‍ ഒരു ഹാര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടാറ്റ അള്‍ട്രോസിലും നെക്സോണിലും ഉള്ള അതേ യൂണിറ്റായിരിക്കും ഇത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി എന്നിവയുമായി സംയോജിപ്പിച്ച 7 ഇഞ്ച് ടച്ച്സ്‌ക്രീനായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹാര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് പുറമെ, മൌണ്ട് ചെയ്ത കണ്‍ട്രോളുകളുള്ള ഒരു ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആര്‍വിഎം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, പവര്‍ വിന്‍ഡോകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയും ടാറ്റാ പഞ്ചിന്റെ ഇന്റീരിയറിനെ വേറിട്ടതാക്കുന്നു.

ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം പൊക്കവുമുണ്ടാകും. പ്രീമിയം ഹാച്ച്ബാക്കായ അള്‍ട്രോസ് നിര്‍മിച്ച ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് പുതിയ വാഹനത്തിന്റേയും നിര്‍മാണം. വിലയില്‍ നെക്‌സോണിനു തൊട്ടുതാഴെ നില്‍ക്കുന്ന ഈ വാഹനം മൈക്രോ എസ്‌യുവി എന്ന പേരിലായിരിക്കും വിപണിയില്‍ എത്തുക.

ഇന്ത്യന്‍ നിരത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായിരിക്കും പഞ്ച് എന്ന് ടാറ്റ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഏതുതരത്തിലുള്ള സുരക്ഷാ സാങ്കേതികവിദ്യ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടില്ല. മിനി എസ്.യു.വി. സെഗ്മെന്റില്‍ തന്നെ ആദ്യമായി നല്‍കുന്ന ഫീച്ചറുകളായിരിക്കും ഈ വാഹനത്തില്‍ ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

KCN

more recommended stories