ചക്രവാതചുഴി, കേരളത്തില്‍ അതിതീവ്ര മഴ: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും, അറബിക്കടലിലും ചക്രവാത ചുഴി രൂപം കൊണ്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അടുത്ത അഞ്ച് ദിവസം യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലീ ലിറ്റര്‍വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ചൊവ്വാഴ്ച തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം വരും ദിവസങ്ങളില്‍ യെല്ലോ ഓറഞ്ച് അലര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയ ഇടുക്കിയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

കനത്ത കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

KCN

more recommended stories