ഒന്‍പതാം ക്ലാസ്സുകാരിക്ക് അന്താരാഷ്ട്ര അംഗീകാരം; ഒ.എസ്.എ അനുമോദിച്ചു

കാസര്‍കോട്: ലണ്ടന്‍ ആസ്ഥാനമായുള്ള റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റി അംഗ രാജ്യങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ ക്യൂന്‍സ് കോമണ്‍വെല്‍ത്ത് എസ്സെ മത്സരത്തില്‍ സുവര്‍ണ്ണ പുരസ്‌കാരം നേടിയ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി സിനാഷയെ ജി.എച്ച്.എസ്.എസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ അനുമോദിച്ചു. കോവിഡ് കാലം നഷ്ടമാക്കുന്നത് എന്ന വിഷയത്തില്‍ 721 വാക്കുകളുള്ള Glistening Blossoms at the Open Window കവിതയാണ് സിനാഷയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്.

ഒ.എസ്.എ പ്രസിഡന്റ് ടി.ഇ.അബ്ദുല്ലയുടെ നേതൃത്വത്തില്‍ വീട്ടിലെത്തി ഉപഹാരം നല്‍കി അനുമോദിച്ചു. ബി.കെ.ഖാദിര്‍, ഷാഫി.എ.നെല്ലിക്കുന്ന്, റഹീം ചൂരി, അജ്മല്‍ തളങ്കര എന്നിവര്‍ സംബന്ധിച്ചു.

മലയാളം മാധ്യമത്തില്‍ പഠിക്കുന്ന ഒരു കുട്ടിക്കാണ് ഇംഗ്ലീഷ് കവിതയ്ക്ക് അന്തര്‍ദ്ദേശീയ അംഗീകാരം എന്ന പ്രത്യേകതയുമുണ്ട്. ചെറു പ്രായത്തില്‍ തന്നെ ഇംഗ്ലിഷിലും മലയാളത്തിലുമായ ആറ് നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദ മിസ്റ്റീരിയസ് ഫോറസ്റ്റ്, സോംഗ് ഓഫ് ദ റിവര്‍ എന്നീ ഇംഗ്ലീഷ് നോവലുകള്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് എഴുതിയത്. എ ഗേള്‍ ആന്റ് ദ ടൈഗേഴ്സ് (ഇംഗ്ലീഷ്), പൂവണിയുന്ന ഇലച്ചാര്‍ത്തുകള്‍, കടലിന്റെ രഹസ്യം, ഒരു തളിരിലയും ഒരു തുള്ളി നിലാവും എന്നിവയാണ് പ്രസിദ്ധീകരിച്ച നോവലുകള്‍. ആന്‍ ഫ്രാങ്കിന്റെ ജീവിതകഥ അടിസ്ഥാനമാക്കി എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എഴുതിയ നോവല്‍ ചെമ്പനീര്‍പ്പൂക്കള്‍ അച്ചടിയിലാണ്. ചിത്ര രചനയിലും മിടുക്കിയായ സിനാഷ തന്നെയാണ് പ്രസിദ്ധീകരിച്ച നോവലുകളുടെ കവര്‍ ചിത്രങ്ങളും വരച്ചിരിക്കുന്നത്.

KCN

more recommended stories