ഒടുവില്‍ തീരംതൊടാന്‍ അനുമതി; യുദ്ധക്കപ്പല്‍ യാത്ര ഇന്ന് പുനരാരംഭിക്കും

ആലപ്പുഴ: 20 ദിവസത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവില്‍ ‘യുദ്ധക്കപ്പല്‍’ യാത്ര വെള്ളിയാഴ്ച പുനരാരംഭിക്കും. ആലപ്പുഴ ബൈപാസ് മേല്‍പാലം വഴി വലിയ ക്രെയിന്‍ ഉപയോഗിച്ച് കടപ്പുറത്ത് എത്തിക്കാനുള്ള നീക്കത്തിന് ദേശീയപാത അധികൃതര്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ബദല്‍മാര്‍ഗം കണ്ടെത്തിയാണ് കപ്പല്‍ കൊണ്ടുപോകുന്നത്.

ഇതിനായി മൂന്നര കിലോമീറ്റര്‍ റോഡുമാര്‍ഗമുള്ള തടസ്സങ്ങള്‍ പൂര്‍ണമായും നീക്കിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. റെയില്‍വേ ഗേറ്റ് മറികടക്കുന്നതിനുള്ള തടസ്സമായിരുന്നു പ്രധാനം. ഇത് പരിഹരിക്കാന്‍ റെയില്‍വേ ലൈനുകള്‍ അഴിച്ചുമാറ്റുന്നതടക്കമുള്ള ജോലികള്‍ക്കായി റെയില്‍വേക്ക് എട്ടുലക്ഷം രൂപ നല്‍കിയാണ് അനുമതി നേടിയത്. കപ്പല്‍ ബീച്ചിലെത്തിക്കാന്‍ റെയില്‍വേ രണ്ടുദിവസത്തെ അനുമതിയാണുള്ളത്. കെ.എസ്.ഇ.ബി, പൊലീസ് അടക്കമുള്ള വകുപ്പുകളുടെ മുന്നൊരുക്കവും നടത്തി.
60 ടണ്‍ ഭാരമുള്ള ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇന്‍ഫാക് ടി81) പഴയയുദ്ധക്കപ്പല്‍ ബൈപാസിലൂടെ പ്രവേശിപ്പിച്ച് ബീച്ചിലെത്തിക്കാന്‍ ഒക്‌ടോബര്‍ രണ്ട് മുതല്‍ ദേശീയപാത അധികൃതരുടെ അനുമതി കാത്ത് ടോള്‍ബൂത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇവിടെനിന്ന് വെള്ളിയാഴ്ച പുലര്‍ച്ച ആറിന് കൊമ്മാടിയില്‍നിന്ന് കപ്പല്‍ പുറപ്പെടും. പിന്നീട് കളപ്പുരആറാട്ടുവഴി ശവക്കോട്ടപാലം കടക്കും. കോണ്‍വെന്റ് സ്‌ക്വയറിലൂടെ കണ്ണന്‍വര്‍ക്കി പാലത്തിന് സമീപത്തെ കൊച്ചുടപ്പാലം, ഡച്ച് സ്‌ക്വയര്‍ ജങ്ഷന്‍, കറുത്തകാളിപ്പാലം വഴി കലക്ടറുടെ ബംഗ്ലാവിന് സമീപമെത്തിക്കുകയാണ് ആദ്യലക്ഷ്യം. ഇത് പൂര്‍ത്തിയാക്കാന്‍ രാവിലെ 9.30വരെ സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ഇവിടെനിന്നു രാത്രി 10.30 മുതല്‍ ശനിയാഴ്ച പുലര്‍ച്ച 2.30 വരെ സമയത്തിനുള്ളില്‍ റെയില്‍വേ ഗേറ്റ് മറികടന്ന് കടല്‍തീരത്തേക്ക് എത്തിക്കും.

തണ്ണീര്‍മുക്കത്ത് വേമ്ബനാട്ടുകായലില്‍നിന്ന് സെപ്റ്റംബര്‍ 25ന് ആലപ്പുഴയിലേക്ക് കരമാര്‍ഗമാണ് കപ്പലിന്റെ യാത്ര ആരംഭിച്ചത്. 96 ചക്രങ്ങളുള്ള മള്‍ട്ടി ആക്‌സില്‍ ബുള്ളറ്റില്‍ കയറ്റിയ കപ്പല്‍ യുദ്ധസമാനമായ സുരക്ഷയൊരുക്കി ദിവസങ്ങളെടുത്താണ് കൊമ്മാടിയില്‍ ബൈപാസ് ടോള്‍ബൂത്തിനടുത്ത് എത്തിച്ചത്. േമല്‍പാലത്തില്‍നിന്നും ക്രെയിന്‍വഴി താഴെയിറക്കുമേ്ബാള്‍ ഉണ്ടാകുന്ന സുരക്ഷകണക്കിലെടുത്ത് ദേശീയപാത പൊതുമരാമത്ത് വിഭാഗം അനുമതി നിഷേധിച്ചതോടെയാണ് കപ്പല്‍യാത്രയുടെ സഞ്ചാരം മാറ്റിയത്.

രാത്രി ലെവല്‍ക്രോസ് കടക്കും
തീരദേശപാതയിലൂടെ കടന്നുപോകുന്ന തിരക്കില്ലാത്ത സമയംനോക്കിയാണ് റെയില്‍വേ രണ്ടുദിവസത്തെ അനുമതി നല്‍കിയത്.

ട്രെയിനുകള്‍ കടന്നുപോയതിനുശേഷം രാത്രി 10.30 മുതല്‍ കപ്പല്‍ 64ാം നമ്ബര്‍ ലെവല്‍ക്രോസ് മറികടന്ന് പടക്കപ്പല്‍ കടപ്പുറത്തേക്ക് എത്തിക്കുന്നത്. വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റുന്നതടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയശേഷം കപ്പല്‍ മുന്നോട്ടെടുക്കും. ഇതിന് രണ്ടുമണിക്കൂറിലേറെ സമയം വേണ്ടിവരുമെന്നാണ് കണക്ക്കൂട്ടല്‍. ശനിയാഴ്ച പുലര്‍ച്ചയാണ് കടല്‍തീരത്തെ പ്രത്യേകസ്ഥലത്ത് സ്ഥാപിക്കുക.

KCN