പ്രളയക്കെടുതി: കേരളത്തിന് 20 രൂപ നിരക്കില്‍ 50,000 ടണ്‍ അരി അനുവദിച്ചു

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് അധിക വിഹിതമായി മൂന്നു മാസത്തെ അരി 50,000 ടണ്‍ അടിയന്തിരമായി അനുവദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അംഗീകരിച്ചു. കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കിലോയ്ക്ക് 20 രൂപ എന്ന കണ്‍സെഷന്‍ നിരക്കിലാണ് അരി നല്‍കുക.

ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തുന്ന ജയ, സുരേഖ അരി വിഹിതം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നവംബര്‍ മുതല്‍ ഇത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.

അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് (പി.എച്ച്.എച്ച്) പ്രയോരിറ്റി വിഭാഗങ്ങളുടെ എണ്ണം എ.എഫ്.എസ്.എ മാനദണ്ഡമനുസരിച്ച് കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്. എന്നാല്‍ ഈ വിഭാഗങ്ങളില്‍ കേരളത്തില്‍ കൂടുതല്‍ ഗുണഭോക്താക്കളുണ്ട്. ആയതിനാല്‍ ഇതുസംബന്ധിച്ച നിബന്ധനകള്‍ പരിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനം മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി. കാന്‍സര്‍ രോഗികള്‍, വൃക്കരോഗികള്‍, കിടപ്പു രോഗികള്‍ തുടങ്ങിയവരില്‍നിന്ന് ഈ വിഷയത്തില്‍ നിരന്തരം അപേക്ഷകള്‍ ലഭിക്കുന്നുണ്ട്.

മാനദണ്ഡങ്ങള്‍ പ്രൊപ്പോസ് ചെയ്യാമെന്നും അടുത്ത സെന്‍സസില്‍ ഇത് പരിഷ്‌കരിക്കുന്നതും ഉള്‍പ്പെടുത്തുന്നതും പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ഗെയില്‍ പൈപ്പ് ലൈന്‍ സാധ്യമായ സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ വ്യാവസായിക വളര്‍ച്ചയും സാമ്ബത്തിക വളര്‍ച്ചയും ലക്ഷ്യമിടുന്ന കൊച്ചി മാംഗ്ലൂര്‍ വ്യവസായ ഇടനാഴി സംബന്ധിച്ച പ്രൊപ്പോസല്‍ അടുത്ത ബജറ്റില്‍ പരിഗണിക്കാമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

KCN

more recommended stories