കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകളില്‍ കൂടുതലും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക്

തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേരളത്തിലെ പ്രതിദിന കോവിഡ് കേസുകളില്‍ കൂടുതലും വാക്‌സിന്‍ സ്വീകരിച്ചവര്‍. എന്നാല്‍ വാക്‌സിനേഷന്‍ രോഗത്തിന്റെ കാഠിന്യം കുറച്ചതായാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഓക്‌സിജന്റെയും ഐസിയുവിന്റേയും സഹായം ആവശ്യമായി വന്നത് ചുരുക്കം കേസുകളില്‍ മാത്രമാണ്. 1,19,401 പേര്‍ക്കാണ് കഴിഞ്ഞ 15 ദിവസത്തിനിടെ സംസ്ഥാനത്ത് കോവി!ഡ് ബാധിച്ചത്.

ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ രണ്ട് വരെയുള്ള കണക്കുകളാണിത്. ഇതില്‍ 1,00,593 പേരും വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ളവരാണ്. ആകെ സ്ഥിരീകരിച്ച കേസുകളില്‍ 67,980 പേരും ഒന്ന് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. ഏകദേശം 57.9 ശതമാനം. ഇതില്‍ 40,584 പേരാണ് രണ്ട് ഡോസ് വാക്‌സിനും എടുത്തത് (34.9 ശതമാനം). 27,396 പേര്‍ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചു (22.9) ശതമാനം. ഇത്തരത്തില്‍ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ പ്രതീക്ഷിച്ചതായിരുന്നു എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗം മൂര്‍ച്ഛിക്കുന്നത് തടയാന്‍ വാക്‌സിനേഷന് സാധിച്ചതായും മന്ത്രി ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 77,516 കേസുകളില്‍ രണ്ട് ശതമാനത്തിന് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളുടെ സഹായം വേണ്ടി വന്നത്. 1.5 ശതമാനം പേര്‍ക്ക് ഐസിയു സംവിധാനവും ആവശ്യമായി വന്നും. സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ളവരില്‍ 95 ശതമാനം പേര്‍ക്കും ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. 52 ശതമാനം ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചു. ‘കേരളത്തില്‍ രോഗപ്രതിരോധം കൂടുതലായും ഉണ്ടായത് വാക്‌സിനേഷനിലൂടെയാണ് എന്ന് അടുത്തിടെ നടത്തിയ സിറൊ പ്രിവലന്‍സ് സര്‍വെയില്‍ വ്യക്തമായി. പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം വര്‍ധിച്ചത് മൂലമാണ് പ്രതിരോധ ശേഷി ഉണ്ടായത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇവരിലെ മരണ സംഖ്യ കുറവാണ്,’ മന്ത്രി പറഞ്ഞു. രണ്ട് ഡോസ് സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരിലാണ് രോഗവ്യാപനം കൂടുതലായി കണ്ടു വരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

‘വാക്‌സിനേഷന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും ഒരു തെറ്റായ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. കുത്തിവയ്‌പ്പെടുത്തതിന് ശേഷം പലരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ തയാറാകുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മുന്നണി പോരാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച അധ്യാപകര്‍ എന്നിവരാണ് ആദ്യമായി രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതെന്ന് സംസ്ഥാനത്തിന്റെ കോവിഡ് വിദ്ഗ്ധ സമിതിയംഗം ഡോ. ടി.എസ്. അനീഷ് പറഞ്ഞു.

KCN

more recommended stories