ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്ന് ബി.ജെ.പി

തിരുവനന്തപുരം: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വധിച്ച കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.

കേസില്‍ ഇടപെടണമെന്നും, അന്വേഷണം എന്‍ഐഎക്ക് കൈമാറണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടതായി കെ സുരേന്ദ്രന്‍ പറഞ്ഞു. പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

കേസ് അന്വേഷണം എന്‍ഐഎക്ക് കൈമാറണം. കാരണം ഇതിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. തീവ്രവാദ സംഘടനകളാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് മലമ്പുഴ മമ്പറത്ത് ഇന്നലെ രാവിലെയാണ് ഭാര്യയുടെ കണ്‍മുന്നിലിട്ട് സഞ്ജിത്തിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു.

വെളുത്ത കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി സഞ്ജിത്തിനെ വലിച്ചിറക്കി വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അക്രമിസംഘത്തില്‍ നാലുപേരുണ്ടെന്നാണ് സൂചന. 15 വെട്ടുകളേറ്റ സഞ്ജിത്തിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കൊലയാളികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക പറഞ്ഞു. മുഖംമൂടിയോ മാസ്‌കോ ധരിക്കാതെയാണ് അക്രമികള്‍ എത്തിയത്. റോഡിലൂടെ ആളുകള്‍ പോകുന്നതിനിടയ്ക്കാണ് കൃത്യം നടത്തിയതെന്നും അര്‍ഷിക പറഞ്ഞു. കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

KCN

more recommended stories