ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; 10 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് വടക്കന്‍ തമിഴ്‌നാട് – ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്രന്യൂനമര്‍ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. അതേസമയം, അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം നിലവില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ന്യൂനമര്‍ദം കേരള തീരത്ത് ഭീഷണിയില്ലെങ്കില്‍ പോലും രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ സ്പില്‍വേയുടെ രണ്ടു ഷട്ടറുകള്‍ 30 സെ.മീ വീതമാണ് തുറന്നത്. ഇടുക്കി അണക്കെട്ട് രാവിലെ 10ന് തുറക്കും. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

KCN

more recommended stories