ഐ എസ് എല്‍ എട്ടാം സീസണ് ഇന്ന് തുടക്കം;ആദ്യ മത്സരം കേരളാ ബ്ലാസ്‌റ്റേഴ്‌സും എ.ടി.കെ മോഹന്‍ ബഗാനും തമ്മില്‍

ഐ എസ് എല്‍ ഫുട്‌ബോള്‍ എട്ടാം സീസണ് ഇന്ന് കിക്കോഫ്. രാത്രി 7:30 ന് ഗോവ ഫറ്റോര്‍ദയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് എതിരാളി എ.ടി.കെ മോഹന്‍ ബഗാനാണ്. ഐഎസ്എല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് മുഖാമുഖം വരുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ കിരീടം തേടിയിറങ്ങുമ്‌ബോള്‍ മൂന്ന് തവണ ചാമ്ബ്യന്മാരായതിന്റെ കരുത്തുമായാണ് എടികെ മോഹന്‍ ബഗാന്‍ വരുന്നത്. രണ്ട് തവണ ഐഎസ്എല്‍ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് കിരീടം തട്ടിയെടുത്ത കൊല്‍ക്കത്ത എതിരാളിയായെത്തുമ്‌ബോള്‍ മത്സരത്തിന് വീറും വാശിയും ഏറും. സെര്‍ബിയക്കാരന്‍! വുകോമനോവിച്ചാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍. കഴിഞ്ഞ സീസണിലെ പത്താം സ്ഥാനത്തിന്റെ നാണക്കേട് കേരളത്തിന്റെ കൊമ്ബന്മാര്‍ക്ക് മാറ്റണം.

20 മത്സരങ്ങളില്‍ നിന്ന് 3 വിജയങ്ങള്‍ ഉള്‍പ്പെടെ 17 പോയിന്റാണ് ടീം നേടിയത്. കൊവിഡ് നിയന്ത്രണം ഉള്ളതിനാല്‍ അലകടലായി മറിയുന്ന സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനാകില്ല. വാസ്‌കോയിലെ തിലക് മൈതാനിയാണ് മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ട്. ആറ് വിദേശതാരങ്ങളുടെയും ആറ് മലയാളി താരങ്ങളുടെയും സാന്നിധ്യം ജെസ്സല്‍ കാര്‍നെയ്‌റോ നയിക്കുന്ന കേരളാബ്ലാസ്‌റ്റേഴ്‌സിലുണ്ട്. അഡ്രിയാന്‍ ലൂണയും മാര്‍കോ ലെസ്‌കോവിച്ചും അല്‍വാരോ വാസ്‌ക്വേസും ഹോര്‍ഗെ പെരേര ഡിയാസുമൊക്കെ കളം നിറഞ്ഞാല്‍ മുന്‍ സീസണിലെ നിരാശ കന്നി കിരീട നേട്ടത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് മറക്കാം. അതേസമയം പരിചയസമ്ബന്നനായ അന്റോണിയോ ഹബാസാണ് എടികെ മോഹന്‍ബഗാന്റെ പരിശീലകന്‍. ട്രാന്‍സ്ഫര്‍ റെക്കോര്‍ഡുകള്‍ തിരുത്തി പുത്തന്‍ താരങ്ങളെയെത്തിച്ചാണ് പുത്തന്‍ സീസണില്‍ കൊല്‍ക്കത്ത തുടങ്ങുന്നത്.

ഫിജിയന്‍ താരം റോയ് കൃഷ്ണ, ഫ്രഞ്ച് താരം ഹ്യൂഗോ ബൗമൗസ്, ഫിന്‍ലന്‍ഡിന്റെ ജോണി കൗക്കോ, പരിചയസമ്ബന്നനായ ടിരി എന്നിവരെല്ലാം കൊല്‍ക്കത്ത നിരയുടെ കരുത്ത് കൂട്ടും. നേര്‍ക്കുനേര്‍ പോരില്‍ നേരിയ മുന്‍തൂക്കം കൊല്‍ക്കത്തയ്ക്കുണ്ട്. 14 കളികളില്‍ 5 ജയം കൊല്‍ക്കത്തയ്ക്കും 4 എണ്ണം ബ്ലാസ്‌റ്റേഴ്‌സിനുമാണ്. അഞ്ച് മത്സരം സമനിലയില്‍ അവസാനിച്ചു. കഴിഞ്ഞ സീസണിലെ കിരീടപ്പോരില്‍ മുംബൈ സിറ്റിയോട് തോറ്റ എടികെ മോഹന്‍ബഗാന് നടപ്പ് സീസണില്‍ കപ്പെടുക്കാതെ മടക്കമില്ല. ഏതായാലും ത്രസിപ്പിക്കുന്ന പോരിനാണ് ഫറ്റോര്‍ദ സ്‌റ്റേഡിയം ഒരുങ്ങുന്നത്.

KCN

more recommended stories