ബോധരഹിതയായി വീണ് അനുപമ; കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഇന്ന്

തിരുവനന്തപുരം : അമ്മയറിയാതെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയില്‍ നിന്നു തിരുവനന്തപുരത്തെത്തിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ സംരക്ഷണയില്‍ ഏല്‍പിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്നു സാംപിളെടുക്കും.

പിറന്നു മൂന്നാം നാള്‍ കൈവിട്ടുപോയ കുഞ്ഞിനെ കാണാന്‍&ിയുെ; കാത്തിരിക്കുകയാണെന്നു പരാതിക്കാരിയായ അനുപമ എസ്.ചന്ദ്രന്‍ പറഞ്ഞു. ശിശുക്ഷേമ സമിതിക്കു മുന്നിലെ സമരപ്പന്തലില്‍ കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനുപമ ബോധരഹിതയായി വീണു. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നല്‍കി.
താല്‍ക്കാലിക ദത്തിന് ഏല്‍പിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികളില്‍നിന്നു കുഞ്ഞിനെ സ്വീകരിച്ച കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെ രാത്രി എട്ടരയോടെയാണു വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയത്. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പൊലീസുകാരും ഉള്‍പ്പെട്ടതായിരുന്നു സംഘം. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ അനുമതിയോടെ പാളയത്തെ നിര്‍മല ശിശുഭവനിലാക്കി.

ഇന്നു വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം കുഞ്ഞിന്റെ ഡിഎന്‍എ സാംപിളെടുക്കും. പരാതിക്കാരായ അനുപമ, അജിത്കുമാര്‍ എന്നിവരുടെ ഡിഎന്‍എ സാംപിളുകള്‍ ഇന്നു ശേഖരിക്കുമോ എന്നു വ്യക്തമല്ല. ഇവര്‍ക്ക് ഇതു സംബന്ധിച്ച് അറിയിപ്പൊന്നും നല്‍കിയിട്ടില്ല.

തന്റെ സാന്നിധ്യത്തില്‍ കുഞ്ഞിന്റെ വൈദ്യപരിശോധന ഇന്നുതന്നെ നടത്തണമെന്നാവശ്യപ്പെട്ടു സിഡബ്ല്യുസിക്കും ബാലാവകാശ കമ്മിഷനും അനുപമ നിവേദനം നല്‍കി. ഡിഎന്‍എ സാംപിള്‍ എടുത്ത ശേഷം കോടതിവിധി വരുന്നതുവരെ തിരിമറികളൊന്നും നടക്കാതിരിക്കാനാണ് ഈ ആവശ്യമെന്നും നിവേദനത്തില്‍ പറയുന്നു. 2020 ഒക്ടോബര്‍ 23ന് ശിശുക്ഷേമ സമിതിയില്‍ ലഭിച്ച കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദവും പരാതിയും നിലനില്‍ക്കെയാണു കഴിഞ്ഞ ഓഗസ്റ്റ് 6ന് കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്കു കൈമാറിയത്.

KCN

more recommended stories