ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ്; ചരിത്രമെഴുതി അജാസ് പട്ടേല്‍

മുംബൈ: ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റെന്ന ഐതിഹാസിക നേട്ടവുമായി ചരിത്രമെഴുതി ന്യൂസീലന്‍ഡിന്റെ ‘ഇന്ത്യക്കാരന്‍’ സ്പിന്നര്‍ അജാസ് പട്ടേല്‍. ‘പത്തില്‍ പത്ത്’ എന്ന അപൂര്‍വനേട്ടവുമായി കിവീസ് സ്പിന്നര്‍ മിന്നിത്തിളങ്ങിയതോടെ, ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 325 റണ്‍സിന് പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 109.5 ഓവറിലാണ് 325 റണ്‍സിന് പുറത്തായത്. മത്സരത്തിലാകെ 47.5 ഓവറുകള്‍ ബോള്‍ ചെയ്ത അജാസ് പട്ടേല്‍, 119 റണ്‍സ് വഴങ്ങിയാണ് 10 വിക്കറ്റും പോക്കറ്റിലാക്കിയത്.

ഇംഗ്ലിഷ് താരം ജിം ലേക്കര്‍, ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ എന്നിവര്‍ക്കുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് അജാസ് പട്ടേല്‍.  സെഞ്ചുറി നേടിയ ഓപ്പണര്‍ മയാങ്ക് അഗര്‍വാളാണ് ഇന്ത്യയുടോ ടോപ് സ്‌കോറര്‍. 311 പന്തുകള്‍ നേരിട്ട അഗര്‍വാള്‍ 17 ഫോറും നാലു സിക്‌സും സഹിതം 150 റണ്‍സെടുത്തു. ടെസ്റ്റിലെ കന്നി അര്‍ധസെഞ്ചുറി കണ്ടെത്തിയ അക്ഷര്‍ പട്ടേല്‍ 128 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്തു. ശുഭ്മന്‍ ഗില്‍ (71 പന്തില്‍ 44), ചേതേശ്വര്‍ പൂജാര (0), ക്യാപ്റ്റന്‍ വിരാട് കോലി (0), ശ്രേയസ് അയ്യര്‍ (41 പന്തില്‍ 18), വൃദ്ധിമാന്‍ സാഹ (62 പന്തില്‍ 27), രവിചന്ദ്രന്‍ അശ്വിന്‍ (0), ജയന്ത് യാദവ് (12), മുഹമ്മദ് സിറാജ് (4) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. എല്ലാ വിക്കറ്റുകളും അജാസ് പട്ടേല്‍ സ്വന്തമാക്കി. ഉമേഷ് യാദവ് (0) പുറത്താകാതെ നിന്നു.

1956 ജൂലൈ യിലാണ് ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലിഷ് താരം ജിം ലേക്കര്‍ ചരിത്രമെഴുതിയത്. അന്ന് ഓസ്‌ട്രേലിയയ്ക്കെതിരെ മാഞ്ചസ്റ്ററിലായിരുന്നു ലേക്കറിന്റെ ചരിത്രനേട്ടം. 51.2 ഓവറില്‍ 53 റണ്‍സ് മാത്രം വഴങ്ങിയാണ് ലേക്കര്‍ 10 വിക്കറ്റും സ്വന്തമാക്കിയത്. ഇതില്‍ 23 ഓവറുകള്‍ മെയ്ഡനായി. പിന്നീട് 1999ല്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ (ഇപ്പോള്‍ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം) ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ ഈ നേട്ടം ആവര്‍ത്തിച്ചു. ഇത്തവണ ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ ഐതിഹാസിക പ്രകടനം. 26.3 ഓവറില്‍ 74 റണ്‍സ് വഴങ്ങിയാണ് കുംബ്ലെ 10 വിക്കറ്റ് സ്വന്തമാക്കിയത്.

നാലു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സുമായി രണ്ടാം ദിനം പുനരാരംഭിച്ച ഇന്ത്യയ്ക്കെതിരെ ടിം സൗത്തിയെ ഇറക്കിയാണ് താല്‍ക്കാലിക നായകന്‍ ടോം ലാതം പോരാട്ടം ആരംഭിച്ചത്. തൊട്ടടുത്ത ഓവര്‍ അജാസ് പട്ടേലിന് നല്‍കിയ ലാതത്തിന്റെ നീക്കം ഫലം കണ്ടു. നാലാം പന്തില്‍ വൃദ്ധിമാന്‍ സാഹ എല്‍ബിയില്‍ കുരുങ്ങി. തൊട്ടടുത്ത പന്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഗോള്‍ഡന്‍ ഡക്ക്

62 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സെടുത്താണ് സാഹ എല്‍ബിയില്‍ കുരുങ്ങിയത്. തൊട്ടടുത്ത പന്തില്‍ അശ്വിന്റെ പ്രതിരോധം തകര്‍ത്ത പട്ടേല്‍, താരത്തെ ഗോള്‍ഡന്‍ ഡക്കിന് പറഞ്ഞയച്ചു. ഏഴാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായി മയാങ്ക് അഗര്‍വാള്‍  അക്ഷര്‍ പട്ടേല്‍ സഖ്യചം ചെറുത്തുനിന്നെങ്കിലും ഉച്ചഭക്ഷണത്തിനു പിന്നാലെ മയാങ്കിനെ പുറത്താക്കി അജാസ് പട്ടേല്‍ ഇന്ത്യയ്ക്ക് ഏഴാം പ്രഹരവുമേല്‍പ്പിച്ചു. 311 പന്തില്‍ 17 ഫോറും നാലു സിക്‌സും സഹിതം 150 റണ്‍സെടുത്ത മയാങ്കിനെ അജാസ് പട്ടേല്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചു.

ടെസ്റ്റിലെ കന്നി അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ അക്ഷര്‍ പട്ടേലിനെയും അജാസ് പട്ടേല്‍ തന്നെ പുറത്താക്കി. 128 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്താണ് അക്ഷര്‍ പട്ടേല്‍ പുറത്തായത്. കിവീസിന്റെ എല്‍ബി അപ്പീല്‍ അംപയര്‍ നിരസിച്ചെങ്കിലും ഡിആര്‍എസ് ആവശ്യപ്പെട്ട് അവര്‍ വിക്കറ്റ് സ്വന്തമാക്കി.

മത്സരത്തില്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കിയതോടെ അജാസ് പട്ടേല്‍ ടെസ്റ്റിലെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഇന്ത്യന്‍ മണ്ണില്‍ ന്യൂസീലന്‍ഡിനായി ആദ്യ ടെസ്റ്റ് ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ സ്പിന്നറാണ് അജാസ്. ഏഷ്യന്‍ മണ്ണില്‍ ന്യൂസീലന്‍ഡിനായി ഏഴു ടെസ്റ്റുകളില്‍നിന്ന് അജാസിന്റെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. മുന്നില്‍ ഡാനിയര്‍ വെട്ടോറി (21 ടെസ്റ്റുകളില്‍നിന്ന് 8 അഞ്ച് വിക്കറ്റ് നേട്ടം), സര്‍ റിച്ചാര്‍ഡ് ഹാഡ്ലി (13 ടെസ്റ്റില്‍നിന്ന് 5) എന്നിവര്‍ മാത്രം. ടിം സൗത്തി 13 ടെസ്റ്റില്‍നിന്ന് മൂന്ന് 5 വിക്കറ്റ് നേട്ടവുമായി ഒപ്പവുമുണ്ട്.

KCN

more recommended stories