സില്‍വര്‍ ലൈന്‍; ഭൂമി ഏറ്റെടുക്കലും കല്ലിടലും കേന്ദ്രനിയമം ലംഘിച്ച്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതു കേന്ദ്ര നിയമം ലംഘിച്ച്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള ഒരു വ്യവസ്ഥയും പാലിക്കാതെയാണു കല്ലിടല്‍ നടപടികള്‍ പുരോഗമിക്കുന്നത്. റവന്യൂ വകുപ്പിനു കീഴില്‍ പ്രത്യേക അഡ്മിനിസ്‌ട്രേറ്ററെ പോലും നിയമിച്ചില്ല. ഇതാണ് ഹൈക്കോടതിയില്‍ നിന്നു നിശിത വിമര്‍ശനം വിളിച്ചുവരുത്തിയതെന്നു വിദഗ്ധര്‍ പറയുന്നു.

യുപിഎ സര്‍ക്കാര്‍ 2013 ല്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം, വന്‍വികസന പദ്ധതികള്‍ക്കു വേണ്ടി ഭൂമി നല്‍കേണ്ടിവരുന്ന കര്‍ഷകരുടെയും ചെറു ഭൂവുടമകളുടെയും സംരക്ഷണം ഉറപ്പാക്കാനും കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഇതനുസരിച്ച് ഏറ്റെടുക്കേണ്ട ഭൂമി ഏതെന്ന് ഭൂസര്‍വേ ചെയ്തു ഗ്രാമസഭകളെ മുന്‍കൂട്ടി അറിയിക്കണം. അതിനു ശേഷം വിജ്ഞാപനം പുറപ്പെടുവിക്കണം.

റവന്യൂ വകുപ്പിലെ പ്രത്യേക അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ഇതിന്റെ ചുമതല. അതിനു ശേഷം മാത്രമെ കല്ലിടാനോ അതിരു തിരിക്കാനോ പാടുള്ളൂ. കലക്ടര്‍ക്കും ആര്‍ഡി ഒയ്ക്കുമാണ് ഇതിനുള്ള അധികരമെന്നും നിയമം പറയുന്നു. എന്നാല്‍ ഓഗസ്റ്റ് മാസം മുതല്‍ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ഒന്‍പത് ജില്ലകളിലും ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിടലാരംഭിച്ചു. സര്‍ക്കാര്‍ ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചാണ് ഈ നടപടി തുടങ്ങിയത്.
ഭൂമി ഏറ്റെടുക്കും മുന്‍പ് നഷ്ടപരിഹാരം പൂര്‍ണമായും നല്‍കണം. അഞ്ചുവര്‍ഷം ഉപയോഗിക്കാതിരുന്നാല്‍ ഭൂമി ഉടമക്ക് തിരികെ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള നെല്‍വയല്‍ നീര്‍ത്തട നിയമം, ഭൂസംരക്ഷണ നിയമം എന്നിവയും കണക്കിലെടുക്കാതെയാണ് സില്‍വര്‍ലൈന്‍ നടപടികള്‍പുരോഗമിക്കുന്നത്. സി.ആര്‍.ഇസ്ഡ് നിയമം, മുതല്‍ ദുരന്തനിവാരണ നിയമം വരെ അവഗണിക്കപ്പെടുകയും ചെയ്തു. ഹൈക്കോടതി നിര്‍ദേശത്തെ മറികടക്കാനാണ് സര്‍ക്കാര്‍ തിടുക്കം കാട്ടുന്നതെന്നും കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കാത്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

KCN

more recommended stories