കായികരംഗത്തേയും പിടിച്ചുലച്ച് കോവിഡ് മഹാമാരി

മുംബൈ: കോവിഡ് വ്യാപനം കായിക രംഗത്തേയും ബാധിക്കുന്നു. ദേശീയ ഫുട്ബോള്‍ ലീഗ് ആയ ഐ ലീഗും ക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയും മാറ്റിവെച്ചതിന് പിന്നാലെ ഐപിഎല്ലും ഭീഷണിയിലാണ്. ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ക്ക് മഹാരാഷ്ട്ര മാത്രം വേദിയാകുന്ന തരത്തില്‍ പ്ലാന്‍ ബി തയ്യാറാക്കുകയാണ് ബിസിസിഐ.

മഹാരാഷ്ട്രയില്‍ പ്രത്യേകിച്ചും മുംബൈയില്‍ കോവിഡ് കേസുകള്‍ വന്‍ വര്‍ധനവുണ്ടെങ്കിലും കായിക മത്സരങ്ങള്‍ ചില ഉപാധികളോടെ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഐപിഎല്‍ പൂര്‍ണമായും ഇവിടെ നടത്താന്‍ ആലോചിക്കുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, ബ്രാബോണ്‍ സ്റ്റേഡിയം, നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, പുണെയ്ക്ക് സമീപമുള്ള മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ ഇത്തവണ ഐപിഎല്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.

അതേസമയം പുണെയില്‍ നടക്കുന്ന കൂച്ച് ബിഹാര്‍ ട്രോഫി ബിസിസിഐ മാറ്റിവെച്ചു. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ജനുവരി 11-നാണ് ആരംഭിക്കേണ്ടിയിരുന്നത്.

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) രാജ്യത്തെ 67 പരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടി. അത്ലറ്റുകളുടെ സുരക്ഷയ്ക്കായി കായിക പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള ക്യാമ്പുകള്‍ ബയോ ബബ്ള്‍ സുരക്ഷയില്‍ തുടരും.

ഐഎസ്എല്ലിലും കോവിഡ് വില്ലനായി എത്തിയിരുന്നു. ഒരു താരം കോവിഡ് പോസിറ്റീവ് ആയതോടെ മോഹന്‍ ബഗാന്‍-ഒഡീഷ മത്സരം നീട്ടിവെച്ചിരുന്നു.

KCN

more recommended stories