ഐ.പി.എല്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ ശ്രീശാന്ത്; അടിസ്ഥാന വില 50 ലക്ഷം

മുംബൈ: ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ താര ലേലത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പുതുതായി രണ്ട് ടീമുകള്‍ കൂടി വന്നതോടെ താരലേലം കൊഴുക്കുമെന്ന കാര്യമുറപ്പ്. ഇത്തവണ 1214 താരങ്ങളാണ് താരലേലത്തില്‍ പങ്കെടുക്കുന്നത്. അതില്‍ 318 വിദേശ താരങ്ങളും 896 ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടും.

മുന്‍ ഇന്ത്യന്‍ താരമായ കേരളത്തിന്റെ എസ്.ശ്രീശാന്ത് ഇത്തവണ താരലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാനവില. കഴിഞ്ഞ സീസണിലും ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവസാന താരലേല പട്ടികയില്‍ ഇടം നേടാനായിരുന്നില്ല.

ഫെബ്രുവരി 12, 13 തീയ്യതികളിലായി ബെംഗളൂരുവില്‍ വെച്ചാണ് താരലേലം നടക്കുക. പത്തുടീമുകളാണ് ഇത്തവണ താരലേലത്തില്‍ പങ്കെടുക്കുന്നത്. ലഖ്നൗ, അഹമ്മദാബാദ് എന്നീ ടീമുകള്‍ പുതിയ സീസണില്‍ അരങ്ങേറ്റം നടത്തും.

അടിസ്ഥാന വിലയില്‍ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നത് രണ്ട് കോടി രൂപയാണ്. 49 പേരാണ് രണ്ട് കോടി രൂപ വിലയുള്ള താരങ്ങള്‍. അതില്‍ 17 പേര്‍ ഇന്ത്യക്കാരും 32 പേര്‍ വിദേശ താരങ്ങളുമാണ്. ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ്, ബെന്‍ സ്റ്റോക്സ്, ക്രിസ് ഗെയ്ല്‍, സാം കറന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ പ്രമുഖ താരങ്ങള്‍ താരലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കും. ക്രിസ് ഗെയ്ല്‍ പങ്കെടുക്കാത്തത് ആരാധകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.

ഡേവിഡ് വാര്‍ണര്‍, മിച്ചര്‍ മാര്‍ഷ്, രവിചന്ദ്ര അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, ക്വിന്റണ്‍ ഡി കോക്ക് തുടങ്ങിയ താരങ്ങള്‍ക്ക് രണ്ട് കോടി രൂപയാണ് അടിസ്ഥാന വില.

KCN

more recommended stories