നെഹ്‌റു യുവകേന്ദ്രയുടെ പ്രവര്‍ത്തനം മാതൃകാപരം; എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

കാസര്‍കോട്: നെഹ്‌റു യുവകേന്ദ്രയുടെ കീഴിലുള്ള കാസര്‍കോട് ജില്ലയിലെ ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകയാക്കേണ്ടതാണെന്ന് എന്‍എ നെല്ലിക്കുന്ന് എം എല്‍എ പറഞ്ഞു. നെഹ്‌റു യുവകേന്ദ്ര കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യൂത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ശുചീകരണ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ക്ലബ് പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട് ഇന്ത്യയുടെ പരിച്ഛേദമായ ജില്ലയാണെന്നും വൈവിധ്യങ്ങളില്‍ സമ്പന്നമായ ജില്ലയെ കൂടുതല്‍ സൗന്ദര്യാത്മകമാക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ചടങ്ങില്‍ മുഖ്യാതിഥിയായി. കൊവിഡ് കാലത്ത് നിരാശയിലും വിഷാദത്തിലും കഴിയുന്ന യുവജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സമൂഹത്തിലെ യൂത്ത് ക്ലബുകള്‍ക്ക് കഴിയണം. നെഹ്‌റു യുവ കേന്ദ്രയുടെ സമൂഹത്തിലെ ഇടപെടലുകള്‍ അഭിനന്ദാര്‍ഹമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ക്കും ക്ലബുകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ കണ്‍വെന്‍ഷനില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ യും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദും വിതരണം ചെയ്തു. 2021-22 ലെ ജില്ല യൂത്ത് ക്ലബിനുള്ള അവാര്‍ഡിന് സന്ദേശം യുവപ്രതിഭാ സംഘടന അര്‍ഹമായി. ക്ലീന്‍ ഇന്ത്യാ അവാര്‍ഡിന് അറ്റ്‌ലസ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, സംഘം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, യൂത്ത് ഫൈറ്റേഴ്‌സ് എണ്ണപ്പാറ അര്‍ഹരായി. വളണ്ടിയര്‍മാര്‍ക്കുള്ള ക്ലീന്‍ ഇന്ത്്യ അവാര്‍ഡ് ഫാറൂഖ്, സനൂജ, റീന എന്നിവര്‍ക്ക് ലഭി്ച്ചു.
നെഹ്‌റു യുവകേന്ദ്ര ജില്ലാ ഓഫീസര്‍ പി അഖില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. പുരസ്‌കാരം നേടിയ അറ്റ്‌ലസ് സ്റ്റാര്‍ ക്ലബ് സെക്രട്ടറി റഫീഖ്, സംഘം ക്ലബ് സെക്രട്ടറി ഫൈസല്‍ , സന്ദേശം യുവപ്രതിഭാ സംഘടന പ്രസിഡണ്ട് സലീം എന്നിവര്‍ മറുപടി പ്രസംഗം നടത്തി. നെഹ്‌റു യുവകേന്ദ്ര എ.പി.എസ് ടി.എം അന്നാമ്മ സ്വാഗതവും എസ് ജിഷ്ണു നന്ദിയും പറഞ്ഞു.

KCN

more recommended stories