മുഖത്തെഴുത്തിനെ സംരക്ഷിക്കാന്‍ കാലിക്കടവില്‍ ശില്പശാല ആരംഭിച്ചു

ഉത്തര മലബാറിലെ ജനജീവിതവുമായി ഇഴുകിച്ചേര്‍ന്ന കലാരൂപമായ തെയ്യത്തിന് ആദരവായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ദ്വിദിന മുഖത്തെഴുത്ത് ശില്‍പശാല ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. തെയ്യം പാരമ്പര്യ തൊഴിലാക്കിയ പ്രഗത്ഭരായ ഒട്ടേറെ തെയ്യം കലാകാരന്മാര്‍ ഉത്തരമലബാറിലുണ്ട്. തെയ്യത്തിന്റെ പ്രൗഢി അതേപടി നിര്‍ത്തേണ്ടതും പ്രോത്സാഹനം നല്‍കേണ്ടതും ഭരണകൂടത്തിന്റെ കടമയാണെന്ന തിരിച്ചറിവിലാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുഖത്തെഴുത്ത് ശില്‍പശാല വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പ്രകൃതിദത്ത ചായങ്ങളും ഈര്‍ക്കില്‍ കൊണ്ടുണ്ടാക്കിയ ബ്രഷും ഉപയോഗിച്ച് അതീവ സൂക്ഷ്മതയോടെ ചെയ്യേണ്ട മുഖത്തെഴുത്ത് അനന്യമായ കലയാണ്. ഇത് തലമുറ കൈമാറി യുവാക്കളിലേക്ക് എത്തിക്കുകയാണ് ശില്‍പശാലയുടെ ലക്ഷ്യം. കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. തെയ്യം കലാകാരന്മാരായ ഗംഗാധരന്‍ എരമംഗലന്‍, രാജു കാവുട്ടന്‍ , കൃഷ്ണകുമാര്‍ എളമ്പച്ചി എന്നിവരാണ് പരിശീലനം നല്കുന്നത്. പതിമൂന്നു പേരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ശില്‍പശാലയില്‍ തെയ്യം കെട്ട് തൊഴിലില്‍ ഏര്‍പ്പെട്ട വിവിധ സമുദായത്തിലെ യുവാക്കളും പരിശീലകരും പങ്കെടുക്കുന്നുണ്ട്.

KCN

more recommended stories