ടാറിങ്ങിന് പിന്നാലെ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കില്ല

തിരുവനന്തപുരം: റോഡ് പുതുക്കിപ്പണിത് ടാര്‍ ചെയ്ത് മനോഹരമാക്കുന്നതിന് പിന്നാലെ പൈപ്പിടാനായി കുത്തിപ്പൊളിക്കുന്നത് കുറയ്ക്കാന്‍ തീരുമാനം. പൊതുമരാമത്ത്- ജലവിഭവ വകുപ്പുകള്‍ സംയുക്തമായാണ് ഇതിനായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. റോഡുകള്‍ ടാര്‍ ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിച്ചു കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്ക് പകരം പ്രവൃത്തികളുടെ കലണ്ടര്‍ തയാറാക്കി അതിനനുസരിച്ച് മുന്നോട്ടുനീങ്ങാനാണ് ഇരുവകുപ്പുകളും തീരുമാനിച്ചിരിക്കുന്നത്.

റോഡ് വെട്ടിപ്പൊളിക്കല്‍ വിഷയത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ജനുവരിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നെടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി. ഇതിനായി ഇരുവകുപ്പുകളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി നിരീക്ഷണ സമിതി രൂപവത്കരിച്ചിരുന്നു.

ഈ സമിതി നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് അനുസരിച്ച് റോഡ് പുതിയതായി ടാര്‍ ചെയ്ത് പണി പൂര്‍ത്തിയാക്കിയാല്‍ ഒരു വര്‍ഷത്തിന് ശേഷം മാത്രമേ പൈപ്പിടലിനായി കുഴിക്കാന്‍ അനുമതി നല്‍കാവൂ എന്ന നിര്‍ദ്ദേശമാണ് പ്രധാനപ്പെട്ടത്. എന്നാല്‍ ചോര്‍ച്ച പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇളവ് അനുവദിക്കും. ഇതിന് പുറമെ അടിയന്തരമായ അറ്റകുറ്റപ്പണികള്‍, വലിയ പദ്ധതികള്‍, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍ എന്നിവയ്ക്കും ഒരുവര്‍ഷമെന്ന നിബന്ധനയില്‍ നിന്ന് ഇളവ് ലഭിക്കും.

പുതിയ റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനും പൈപ്പ് ഇടല്‍ ജോലി അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാനും ഇരുവകുപ്പുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രിമാര്‍ നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം

KCN

more recommended stories