വന അതിര്‍ത്തിയിലെ സ്വകാര്യ ഭൂമി കൈമാറ്റത്തിന് എന്‍ഒസി വേണ്ട

തിരുവനന്തപുരം: വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള സ്വകാര്യ ഭൂമി കൈമാറ്റം ചെയ്യുന്നതിനു വനം വകുപ്പിന്റെ നിരാക്ഷേപ പത്രം (എന്‍ഒസി) ആവശ്യമില്ലെന്ന്ും ഇതു സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ ഉള്ളതിനാല്‍ നടപടിക്രമം വ്യക്തമാക്കി ഉടന്‍ ഉത്തരവു പുറത്തിറക്കുമെന്നും മന്ത്രി വി.എന്‍.വാസവന്‍.
സര്‍ക്കാരിന്റേതെന്നു സംശയമുള്ള ഭൂമി കൈമാറുന്നതിനു ബന്ധപ്പെട്ട വകുപ്പിന്റെ എന്‍ഒസി ആവശ്യപ്പെടാമെന്നു നിയമമുണ്ട്. വനഭൂമി ഉള്‍പ്പെട്ട സര്‍വേ നമ്പറിലുള്ള സ്വകാര്യ ഭൂമി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ വനം വകുപ്പിന്റെ എന്‍ഒസി ഹാജരാക്കണം.

വനഭൂമിയോടു ചേര്‍ന്നു കിടക്കുന്ന ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് വനം വകുപ്പില്‍ നിന്ന് എന്‍ഒസി വാങ്ങിയ ശേഷമേ വില്ലേജ് ഓഫിസര്‍മാര്‍ നല്‍കാവൂ. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ആക്ട് (2003) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ലാന്‍ഡ് റവന്യു കമ്മിഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം വിജ്ഞാപനം ചെയ്ത സര്‍വേ നമ്പറുകളിലെ പരിസ്ഥിതി ദുര്‍ബല ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ല. അതേസമയം, ഈ വ്യവസ്ഥകളില്‍ ഒന്നും പെടാത്ത സ്വകാര്യ ഭൂമി കൈമാറുമ്പോള്‍ വനാതിര്‍ത്തിയില്‍ ആണെന്ന ഒറ്റക്കാരണത്താല്‍ എന്‍ഒസി ഹാജരാക്കേണ്ട ആവശ്യമില്ലെന്നു മന്ത്രി വ്യക്തമാക്കി.

എന്നാല്‍, ഇത്തരം ഭൂമിക്കും എന്‍ഒസി വേണമെന്നു കാട്ടി മണ്ണാര്‍ക്കാട് ഡിഎഫ്ഒ അഗളി, മണ്ണാര്‍ക്കാട് സബ് റജിസ്ട്രാര്‍മാര്‍ക്കു കത്തു നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പലരും നിരാക്ഷേപപത്രം ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതു കണക്കിലെടുത്താണു പുതിയ ഉത്തരവിറക്കുന്നതെന്നും കെ.യു.ജനീഷ് കുമാറിന്റെ സബ്മിഷനു മറുപടിയായി മന്ത്രി വ്യക്തമാക്കി.

KCN

more recommended stories